Breaking News

10 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികൾക്ക് അംഗീകാരം ജില്ലാ പഞ്ചായത്തിന് 46 പുതിയ പദ്ധതി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലും നിരവധി പദ്ധതികൾക്ക് അംഗീകാരം


കാസർകോട്‌ : ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പുവർഷത്തെ ഭേദഗതി പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ പ്ലാനിങ്‌ ഓഫീസറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ് കെട്ടിടത്തിലെ കോൺഫറൻസ് ഹാളിന്റെ നിർമാണ ചുമതല ജില്ലാ നിർമിതി കേന്ദ്രത്തിന് നൽകാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, പരപ്പ, കിനാനൂർ- കരിന്തളം, കുറ്റിക്കോൽ, വെസ്റ്റ് എളേരി, ബേഡഡുക്ക, കുമ്പള, വോർക്കാടി, ദേലമ്പാടി ഗ്രാമ പഞ്ചായത്തുകളുടെ ഭേദഗതി പദ്ധതികൾക്കാണ് ആസൂത്രണ സമിതി അംഗീകാരം നൽകിയത്.
ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച 63 ഭേദഗതി പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 46 പുതിയ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. 45 പദ്ധതി ഒഴിവാക്കി. ലൈഫിൽ ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകൽ, ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ കുടിവെള്ള സൗകര്യം ഒരുക്കൽ, ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ സോളാർ പാടം സ്ഥാപിക്കൽ, ബഡ്സ് സ്‌കൂൾ നടത്തിപ്പിന് ഗ്രാമ പഞ്ചായത്തുകൾക്ക് വിഹിതം നൽകൽ, ജില്ലാ പഞ്ചായത്ത് സ്‌കൂളുകൾക്ക് ലാപ് ടോപ്പ് നൽകൽ, ഹൈസ്‌കൂളുകളിൽ കുടിവെള്ള സൗകര്യവും ലാബ് സൗകര്യവും ഒരുക്കൽ, കാപ്പിൽ കുളം നവീകരണം, ജില്ലാ പഞ്ചായത്ത് സ്‌കൂളുകൾ വൈദ്യുതീകരിക്കൽ, ചായ്യോത്ത് സ്‌കൂളിൽ മാതൃകാ ലാബ്, ഹൈസ്‌കൂളുകളിൽ ഷീ പാഡ് പദ്ധതി, ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ ബയോ ഗ്യാസ് പ്ലാന്റ് നിർമാണം, ജില്ലാ വികസന രേഖ തയ്യാറാക്കലും സെമിനാർ സംഘടിപ്പിക്കലും തുടങ്ങിയവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പദ്ധതികൾ 

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌: പരപ്പച്ചാൽ കുടിവെള്ള പദ്ധതി, മുതിർന്ന പൗരൻമാർക്കുള്ള പ്രത്യേക ചികിത്സാ പദ്ധതി, പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് മുച്ചക്ര വാഹനം നൽകൽ തുടങ്ങി ആറ് പുതിയ പദ്ധതികൾ.
പനത്തടി: കമുകിന്റെ രോഗ ബാധാ നിയന്ത്രണം, വിവിധ കുടിവെള്ള പദ്ധതികൾക്ക് മോട്ടോർ അനുവദിക്കൽ, ഓട്ടമല കുടിവെള്ള പദ്ധതി, വിവിധ സ്ഥാപനങ്ങളിൽ ശുചിമുറി നിർമാണം തുടങ്ങി 14 പുതിയ പദ്ധതികൾ.
കിനാനൂർ കരിന്തളം: പരപ്പ സ്‌കൂളിന് ബയോഗ്യാസ് പ്ലാന്റ്, കമ്മാടം ചെറുകുന്ന് റോഡ് നവീകരണം, കോയിത്തട്ട ക്രഷർ റോഡ് പുനരുദ്ധാരണം, നെല്ലിയടുക്കം കുടിവെള്ള പദ്ധതി, മീർക്കാനം കുടിവെള്ള പദ്ധതി തുടങ്ങി 13 പദ്ധതികൾ.
കുറ്റിക്കോൽ: അതിദാരിദ്ര്യ വിഭാഗത്തിൽപെട്ട ഭവനരഹിതർക്ക് വീട്, ബന്തടുക്ക ബസ് സ്റ്റാൻഡിൽ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സൗകര്യവും ഓവുചാൽ നിർമാണവും, ബന്തടുക്ക ഹോമിയോ ആശുപത്രി നന്നാക്കൽ, പഞ്ചായത്തിലെ കംപ്യൂട്ടറും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തൽ ഉൾപ്പെടെ 28 പുതിയ പദ്ധതികൾ.
ബേഡഡുക്ക: 20 പുതിയ പദ്ധതികളാണ് അവതരിപ്പിക്കുന്നത്. പോള കുടിവെള്ള പദ്ധതി, മിനി എംസിഎഫ് സ്ഥാപിക്കൽ, വിവിധ റോഡ് റീടാറിങ്‌ തുടങ്ങിയവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു.
ദേലമ്പാടി: 33 പുതിയ പദ്ധതികൾ മുന്നോട്ടുവെക്കുന്നു. 56 പദ്ധതി ഭേദഗതി ചെയ്തു. 18 എണ്ണം ഒഴിവാക്കി.

No comments