Breaking News

മണ്ണെടുത്തതോടെ കുഞ്ഞുങ്ങളുടെ ജീവന് ഭീഷണി വെസ്റ്റ്എളേരി പെരളം അങ്കനവാടി പൂട്ടി


ഭീമനടി: സുരക്ഷയില്ലാത്ത വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരളം അങ്കണവാടി അടച്ചു. ഇനി എന്ന് തുറക്കുമെന്ന് ആർക്കുമറിയില്ല. 28 കുട്ടികൾ ഉള്ള ഇവിടെ നല്ല  കെട്ടിടവും, കുടിവെള്ളവും, ശിശുസൗഹൃദ ടോയ്‌ലെറ്റുമെല്ലാമുണ്ട്‌.  

റോഡ് നവീകരണത്തിന്റെ ഭാഗമായി അങ്കണവാടി കെട്ടിടത്തിനരികിൽനിന്ന്‌ മണ്ണെടുത്തതോടെതാണ്കുട്ടികളുടെ കഷ്ടകാലം തുടങ്ങിയത്. റോഡിന് സമമായി ഉണ്ടായിരുന്ന കെട്ടിടം മണ്ണെടുത്തപ്പോൾ അഞ്ച് മീറ്റർ ഉയരത്തിലായി. ഇതോടെ വഴിയും മുട്ടി. കെട്ടിടത്തിന് ഭീഷണിയുമായി. എതിർവശത്ത് വൈദ്യതി പോസ്റ്റും മൺതിട്ടയും മറ്റൊരു ഭീഷണിയാണ്‌.  

പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നാട്ടുകാർ ഇടപെട്ട് സമീപത്തെ പെരളം ചാമുണ്ഡിക്കാവിലെ ഹാളിലേക്ക് പ്രവർത്തനം മാറ്റി. മാസങ്ങൾ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ അധികൃതർ നടപടിയെടുത്തില്ല. ഇപ്പോൾ ഉത്സവകാലമായതിനാൽ കാവിന്റെ ഹാളിൽ നിന്നും ഒഴിവാകേണ്ടി വന്നു. പത്തുദിവസമായി കുട്ടികളില്ലാതെ പ്രവർത്തനം നിലച്ചിട്ട്. അങ്കണവാടിയിലേക്ക് നാട്ടുകാർ ഒരുക്കിയ നടവഴിയ്ക്ക് സുരക്ഷിതമായ കൈവരി തീർത്താൽ  പ്രവർത്തനം തുടങ്ങാം.

No comments