Breaking News

1 കിലോ തൂക്കമുള്ള വഴുതന, 110 കിലോയുടെ കപ്പ, 50 കിലോയുള്ള ചേന.. പരീക്ഷണ ജൈവകൃഷിയിൽ അത്ഭുതവിളവുമായി വെസ്റ്റ്എളേരി പറമ്പയിലെ ബിനുജോൺ തുരുത്തേൽ


മാലോം: വെസ്റ്റ് എളേരി പറമ്പയിലെ ബിനു ജോൺ തുരുത്തേലിന്റെ ജൈവകൃഷിയിൽ നൂറുമേനി വിജയം. ഇത്തവണ ബിനു ജോൺ തുരുത്തേൽ ജൈവകൃഷിരീതിയിൽ പരീക്ഷണം നടത്തി കൃഷി ചെയ്തത് ഒരു വഴുതന തൈയാണ്. സാധാരണഗതിയിൽ  വഴുതനങ്ങയ്ക്ക് വരുന്ന തൂക്കം 250, 300 ഗ്രാം ആണ് ഉണ്ടാവാറുള്ളത്. എന്നാൽ ജൈവകൃഷിയിലൂടെ മാലോം പറമ്പയിലെ ബിനു ജോൺ തുരുത്തേലിന് ഇത്തവണ കിട്ടിയ വഴുതനങ്ങയുടെ തൂക്കം ഒരു കിലോയോളം വരും.  750 ഗ്രാമിൽ മുകളിലുള്ള വഴുതനങ്ങയാണ് എല്ലാം കിട്ടിയത്. ഇങ്ങനെ ജൈവകൃഷി ചെയ്താൽ അൻപത് തൈ കൃഷി ചെയ്യുന്നതിന് പകരം   അഞ്ച്  തൈ കൃഷി ചെയ്താൽ  50 തൈയ്യിൽ നിന്ന്  ലഭിക്കുന്ന ആദായം 5 തയ്യിൽ നിന്ന് കർഷകന് ലഭിക്കുമെന്ന് ബിനു ജോൺ തുരുത്തേൽ മലയോരം ഫ്ലാഷിനോട് പറഞ്ഞു. ഇത് കൂടാതെ ജൈവകൃഷിയിലൂടെ  110 കിലോ തൂക്കമുള്ള കപ്പയും 50 കിലോ തൂക്കമുള്ള ചേനയും, ലോക റെക്കോർഡ് ലഭിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേനയും കൃഷി ചെയ്ത് വിളവെടുത്തിട്ടുണ്ട് ബിനു ജോൺ എന്ന മുഴുവൻ സമയ പരീക്ഷണ കർഷകൻ.

ജൈവകൃഷിരീതി ചെയ്യുമ്പോൾ ആദ്യമായി മണ്ണൊരുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. തൈ നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് തടം എടുത്ത് അതിൽ ചപ്പ് ചവർ അടയ്ക്കച്ചപ്പ് ചകിരി തുടങ്ങിയ സാധനങ്ങൾ ഇട്ട്   കത്തിക്കുക. അതിൽ ആട്ടിൻകാഷ്ടം ഇടുക. ബയോഗ്യാസ്  പ്ലാന്റിലെ സ്ലോറി ഒഴിക്കുക. ആഴ്ചയിൽ ഒരിക്കൽ പിണ്ണാക്ക് പുളിപ്പിച്ചൊഴിക്കുക. മണ്ണിരകളെ പിടിച്ച് ഈ തൈയുടെ  ചുവട്ടിൽ വിടുക. ഇങ്ങനെയാണ് മണ്ണ് പാകപ്പെടുത്തി എടുക്കേണ്ടത്. ബിനു ജോൺ തുരുത്തേലിന്   അഞ്ചു കുട്ടികളാണുള്ളത്. സാനിയ,ധനുഷ, താൻസിയ, എയ്ഞ്ചൽ, നിയോൺ. ഭാര്യ രഞ്ജുവും., അമ്മ മേരിക്കും പിതാവ് ജോണിനും  കൃഷിയിൽ വളരെ താല്പര്യമാണ്. ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ ഓൺലൈൻ യുഗത്തിൽ ആർക്കും സമയം തികയാറില്ല. അതുകൊണ്ട് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങി   കഴിക്കുകയാണ്. പ്രത്യേകിച്ച് യുവാക്കൾ ജൈവകൃഷിക്ക് താല്പര്യം കാണിച്ചാൽ നമുക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ കൃഷി ചെയ്താൽ ലഭിക്കുമെന്ന് ഈ കർഷകൻ പറയുന്നു.

ബിനുവിന്റെ കുടുംബത്തിലുള്ള എല്ലാവരും കൃഷി ചെയ്യാൻ സമയം കണ്ടെത്താറുണ്ട്. ബിനു ജോൺ തുരുത്തേലിന്  2009 ലും 2022ലും  സെൻമേരിസ് ചർച്ച് പറമ്പയിൽ നിന്ന് സമ്മാനം ലഭിച്ചിട്ടുണ്ട്. 2022 തളിര് മാലോം ഫെസ്റ്റിൽ വെച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേന കൃഷി ചെയ്തതിനും (നാലു മീറ്റർ ഉയരം) ഏറ്റവും വലിയ ചേന പ്രദർശിപ്പിച്ചതിനും, എം പി   രാത്മോഹൻ ഉണ്ണിത്താൻ  സ്നേഹോപഹാരം നൽകിയിട്ടുണ്ട്. 2022ൽ മാലോത്തുവച്ച് നടന്ന നാടകോത്സവത്തിൽ യുവകർഷകനുള്ള സ്നേഹോപഹാരം ലഭിച്ചിട്ടുണ്ട്. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കായി യുവാക്കൾ എല്ലാവരും  ജൈവകൃഷിയിലേക്ക്  കടന്നുവരണമെന്നാണ് ബിനു ജോൺ തുരുത്തേലിന്റെ അഭിപ്രായം.



No comments