Breaking News

സ്വർണക്കടത്തുകാരിൽ നിന്ന് പങ്ക്, പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു; ഡിവൈഎഫ്ഐ നേതാവ് ഷാജറിനെതിരെ അന്വേഷണം



കണ്ണൂര്‍: സ്വർണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു എന്നീ പരാതികളിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നൽകിയ പരാതി അന്വേഷിക്കുന്നത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനാണ്. പരാതിക്കാരനിൽ നിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു. ആഭ്യന്തര അന്വേഷണമായതിനാൽ പാർട്ടിയുടെ അനുമതിയില്ലാതെ പ്രതികരിക്കാനില്ലെന്ന് മനു തോമസ് പറഞ്ഞു.

ആകാശ് തില്ലങ്കേരിക്കെതിരെ ഞങ്ങൾ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങൾ ഇവിടെ ഈ വിഷയം അവസാനിപ്പിച്ചേക്കണം എന്നും താക്കീത് ചെയ്തായിരുന്നു തില്ലങ്കേരിയിലെ പൊതുയോഗത്തിൽ ഡിവൈഎഫ്ഐ യുവ നേതാവ് എം ഷാജറുടെ കത്തിക്കയറിയ പ്രസംഗം. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ ഇതേ ഷാജറിനെതിരെ പാർട്ടി ഒരു അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂരിലെ സ്വർണക്കടത്ത് സംഘളിൽ നിന്നും ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം പുലർത്തുന്നു, പാർട്ടി ചർച്ചകൾ ആകാശിന് ചോർത്തിക്കൊടുക്കുന്നു എന്നിവയൊക്കെയാണ് ജില്ലാ കമ്മറ്റിയിൽ പരാതിയായി എത്തിയത്. ആകാശുമായി ഷാജർ സംസാരിക്കുന്ന വാട്സാപ് ഓ‍ഡിയോയുടെ പകർപ്പ് അടക്കം പരാതി നൽകിയത് ഷാജർ ജില്ലാ സെക്രട്ടറിയായിരിക്കെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന മനു തോമസ്. അന്വേഷണം നടക്കുന്ന വിഷയമായതിനാൽ പാർട്ടിയോട് ആലോചിക്കാതെ മറുപടി പറയാനാകില്ല എന്നായിരുന്നു മനു തോമസിന്റെ പ്രതികരണം

ആകാശിന്റെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തെ അമർച്ച ചെയ്യാൻ ഡിവൈഎഫ്ഐയിൽ മുൻകൈയെടുത്തയാൾ മനു തോമസായിരുന്നു. അതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബർ ആക്രമണം തുടങ്ങി. ഇതിന് പിന്നിൽ ചരടുവലിച്ചതും ഈ സംഘങ്ങളുമായി അടുപ്പം പുലർത്തുന്ന ഷാജറാണെന്ന് മനസിലായതോടെയാണ് കഴിഞ്ഞ വർഷം ആദ്യം മനു തോസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നൽകിയത്.

ജില്ലാ നേതൃത്വം പരാതി പൂഴ്ത്തി. സംസ്ഥാന കമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് എംവി ഗോവിന്ദൻ ഉൾപെടെ പങ്കെടുത്ത് കഴിഞ്ഞ മാസം നടത്തിയ ജില്ലാ കമ്മറ്റി ചർച്ചയിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു. അതോടെയാണ് ഷാജറിനെതിരായ ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. ഷാജറിനായി സ്വർണ്ണം കൊണ്ടുവരാൻ ചെറുപുഴയിൽ പോയ പാർട്ടി ഓഫീസ് ഭാരവാഹിയിൽ നിന്നും പരാതിക്കാരൻ മനു തോമസിൽ നിന്നും എം സുരേന്ദ്രൻ വിശദമായ മൊഴി രേഖപ്പെടുത്തി എന്നാണ് വിവരം.

No comments