Breaking News

റബർ തോട്ടത്തിലെ കൊലപാതകം ; അമ്പരപ്പിൽ ബദിയടുക്ക ഏൽക്കാന ഭർത്താവ് ഒളിവിൽ ...


ബദിയഡുക്ക: റബർ ടാപ്പിങ്‌ തൊഴിലാളിയായ യുവതിയുടെ കൊലപാതകത്തിൽ ഞെട്ടി ഏൽക്കാന. ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജിനടുത്താണ്‌ ഏൽക്കാനയിലെ റബർ തോട്ടം. ജില്ലക്ക്‌ പുറത്തുള്ള നിരവധിപേർ ഇവിടെ ഭൂമി വിലയ്ക്ക്‌ വാങ്ങിയും പാട്ടത്തിനെടുത്തും റബർ കൃഷി ചെയ്യുന്നുണ്ട്‌. നൂറുകണക്കിന്‌ എക്കറിലാണ്‌ റബർ കൃഷിയിലുള്ളത്‌. ടാപ്പിങ് തൊഴിലാളികൾ ഏറെയും ഇതര ജില്ലകളിൽനിന്നുള്ളവരാണ്‌. വയനാട്‌ സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ കൊലപാതകം നടന്ന റബർ തോട്ടം. തോട്ടത്തിലുള്ള പഴയ നാലുകെട്ട്‌ വീട്ടിലാണ്‌ മരിച്ച നീതുവും ഭർത്താവ്‌ ആന്റോ സെബാസ്‌റ്റ്യനും താമസിച്ചിരുന്നത്‌. രണ്ട്‌ മാസം മുമ്പാണ്‌ ഇരുവരും ഇവിടെ ജോലിക്കെത്തിയത്‌.
പുറത്തുള്ള മറ്റൊരു മുറിയിൽ രണ്ട്‌ തൊഴിലാളികൾ താമസിച്ചിരുന്നു. അവധിയിലായിരുന്ന ഇവർ ബുധനാഴ്‌ച വന്നപ്പോഴാണ്‌ പരിസരത്ത്‌ ദുർഗന്ധം വമിക്കുന്നത്‌ തിരിച്ചറിഞ്ഞത്‌. മുൻവശത്തെ വാതിൽ പൂട്ടിയിട്ടിരുന്നതിനാലാണ്‌ അടുക്കള വാതിൽ പൊളിച്ചത്‌. അകത്ത്‌ കടന്നപ്പോൾ മുറിയിൽ ജീർണിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ തുണിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. തലയാകെ തുണികൊണ്ട്‌ മൂടിയിരുന്നു. മൃതദേഹത്തിന്‌ കുറച്ച്‌ ദിവസത്തെ പഴക്കമുണ്ടായിരുന്നു. കഴുത്ത്‌ ഞെരിച്ചോ അടിച്ചോ കൊന്നതാകാമെന്ന്‌ സംശയിക്കുന്നു. പൊലീസിന്റെ ഫൊറൻസിക്‌ വിദഗ്‌ധർ പരിശോധിച്ചു. കണ്ണൂർ മെഡിക്കൽകോളേജിലെ വിദഗ്‌ധ പോസ്‌റ്റ്‌മോർട്ടത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.

 ആന്റോയെ കണ്ടെത്താനായില്ല

ഭർത്താവ്‌ ആന്റോയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലയാളി ഇയാളാണെന്ന്‌ സംശയിച്ചാണ്‌ പൊലീസ്‌ അന്വേഷണം. ഇയാൾ വയനാട്‌, കൊല്ലം എന്നിവിടങ്ങളിൽ കഞ്ചാവ്‌, കളവ് കേസുകളിൽ പ്രതിയാണെന്ന്‌ വിവരമുണ്ട്‌.
ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേന, എഎസ്‌പി മുഹമ്മദ്‌ നജ്‌മുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. ബദിയടുക്ക പൊലീസ്‌ കൈാലപാതകത്തിന്‌ കേസെടുത്തു. ജില്ലാ സൈബർ ക്രൈം പൊലീസ്‌ ഇൻസ്‌പെക്ടർ കെ പ്രേംസദന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.


No comments