Breaking News

ജോലിക്കിടെ ഷോക്കേറ്റ് പിടഞ്ഞ ഇതരസംസ്ഥാന തൊഴിലാളി പൂടംകല്ല് ആശുപത്രിയിലെ ഡോക്ടർമാരുടെ മിടുക്കിൽ ജീവിതത്തിലേക്ക് ...


രാജപുരം : അപകടം കണ്ടവരും ആദ്യം തൊട്ടവരും ആശുപത്രിയിലെത്തിച്ചവരും ഉറപ്പിച്ചത് മരിച്ചെന്നാണ്. ‘‘ഇല്ല, ജീവന്റെ മിടിപ്പുണ്ടാകാം... നമുക്ക്‌ പരിശ്രമിക്കാം. ഒരു ജീവനല്ലേ...’’–- പൂടങ്കല്ല്‌ താലൂക്ക്‌ ആശുപത്രിയിലെ ഡോക്ടർമാരുടെ ഈ ആത്മവിശ്വാസത്തിന്‌ ഫലമുണ്ടായി. വൈദ്യുതിക്കമ്പിയിൽ തട്ടിവീണ് ഷോക്കേറ്റ്‌ മരിച്ചെന്നുകരുതിയ ഇതരസംസ്ഥാന തൊഴിലാളി അപകടനില തരണംചെയ്‌തു.
കാഞ്ഞങ്ങാട് –-പാണത്തൂർ സംസ്ഥാനപാത വികസനത്തിനായി റോഡ് സർവേയ്‌ക്കിടെ ഉപകരണം വൈദ്യുതിക്കമ്പിയിൽ തട്ടി പശ്‌ചിമബംഗാൾ സ്വദേശി രാജേഷ് അലി (20)ക്കാണ്‌ ഗുരുതര പരിക്കേറ്റത്. പൂടങ്കല്ലിന് സമീപത്തെ പൈനിക്കരയിൽ തിങ്കൾ പകൽ 12നാണ് സംഭവം. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിന്റെ പൾസ് നിലച്ച്‌ ബിപി കുറഞ്ഞതോടെ ഏറെക്കുറേ മരണം ഉറപ്പിച്ചെങ്കിലും ഡോക്ടർമാരും ജീവനക്കാരും പ്രത്യാശ കൈവിട്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി.
ഡോക്ടർമാരായ വി കെ ഷിൻസി, എം എ അശ്വതി, എസ്‌ വി വിൽനസ് എന്നിവരുടെ നേതൃത്വത്തിൽ അരമണിക്കൂറോളമാണ്‌ തുടർച്ചയായി സിപിആർ (കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ)നൽകിയത്‌. കൈകൊണ്ട് നിരവധി തവണ നെഞ്ചിൽ ശക്തമായി അമർത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം തിരികെയെത്തിക്കുകയായിരുന്നു. പൾസ് ചെറുതായി ഉയർന്നതോടെ രാജേഷ്‌ അലിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്‌തതായി ഡോക്ടർമാർ പറഞ്ഞു.
മെഡിക്കൽ ഓഫീസർ സി സുകുവിന്റെ നേതൃത്വത്തിൽ പൂടങ്കല്ല്‌ താലൂക്കാശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരടക്കമുള്ള ജീവനക്കാരും നടത്തിയ അക്ഷീണ പരിശ്രമമാണ്‌ യുവാവിനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌.


No comments