Breaking News

മറ്റൊരു പ്രണയദിനം കൂടി വന്നെത്തുമ്പോൾ പ്രണയത്തിലെത്തിലെ ജനാധിപത്യത്തിന്റെ പ്രാധാന്യവും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ ? സുനിത കരിച്ചേരിയുടെ ലേഖനം


പ്രണയത്തെ നിർവ്വചിക്കുക എന്ന ഒരു ചോദ്യം തന്നാൽ എനിക്ക് എന്റെ പ്രണയത്തെ കുറിച്ച് മാത്രമേ പറയാൻ അറിയൂ ........

അങ്ങനെ ഓരോരുത്തർക്കും  അവരവരുടെ പ്രണയത്തെ കുറിച്ച് വ്യക്തിപരമായ അഭിപ്രായം പറയാനുണ്ടാകുമ്പോഴാണ് ലോകോത്തര കഥാകാരൻ ആന്റൺ ചെക്കോവിന്റെ കഥയിൽ പ്രണയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗം പ്രസക്തമാകുന്നത്.

അത് ഇങ്ങനെയാണ് -പ്രണയം എന്നാൽ ഉത്തരമില്ലാത്ത ഒരുപറ്റം ചോദ്യങ്ങൾ മാത്രം. ഒരിടത്ത് അനുയോജ്യമെന്ന് തോന്നുന്ന വിശദീകരണം മറ്റ് പന്ത്രണ്ടിടങ്ങളിൽ പ്രയോഗിക്കാനാവില്ല --

അങ്ങനെയൊരു സന്ദർഭവുമായി ചേർത്ത് വായിക്കുമ്പോൾ എന്താണ് പ്രണയം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ എന്റെ പ്രണയാനുഭവം പറയും. 

എന്റെ ജീവിത പാശ്ചാത്തലവും കുടുംബ ചുറ്റുപാടും ചിന്തകളും രൂപപ്പെടുത്തിയ എന്നിൽ ഒരു പ്രണയം രൂപപ്പെടുന്നുണ്ടെങ്കിൽ അത് എന്റെ മാത്രം പ്രണയമാണ്.തികച്ചും വ്യക്തിപരമായത്. അതിന് തുല്യമായ പ്രണയം മറ്റൊരാളിൽ ദർശിക്കണമെങ്കിൽ അയാൾ തികച്ചും എന്നെപ്പോലെ ആയിരിക്കണം.

എന്നാൽ അതുണ്ടാകാറില്ല. ഒരു വ്യക്തിയെപ്പോലെ എല്ലാം ഒത്ത് വന്ന് ഈ ലോകത്ത് അതേ ആൾ മാത്രമേ ഉണ്ടാകുന്നുള്ളു. ഓഷോയുടെ അഭിപ്രായത്തിൽ ഒരു പൂവിനോട് നമുക്ക് തോന്നുന്ന ആകർഷണത്തിൽ പോലും പ്രണയമുണ്ട്. 

ഒരു ശിശു അതിന്റെ അമ്മയേയും അമ്മ തന്റെ ശിശുവിനേയും ഉപാധികളില്ലാതെ സ്നേഹിക്കുന്നതും പ്രണയമാണ്. സർവ്വതിലും പ്രണയം ദർശിക്കുന്ന സൗന്ദര്യോപാസകർ ഒരു ഭാഗത്തും. ഒരു ജന്മത്തിൽ ഒരിക്കൽ മാത്രമേ പ്രണയം അനുഭവപ്പെടുകയുള്ളൂ എന്നവകാശപ്പെടുന്നവർ മറ്റൊരു ഭാഗത്തും  തുടരുന്ന ഒരു തർക്കവിഷയമായും പ്രണയം അവതരിപ്പിക്കപ്പെടുന്നുണ്ട്.

കൃത്യമായ ഉത്തരമോ പരിഹാരമോ കണ്ടെത്താതെ ഒരു നിഗൂഢ സത്യം പോലെ നമുക്കിടയിൽ പ്രണയം ഒളിച്ച് കളിക്കുമ്പോൾ തത്ക്കാലം മനുഷ്യർക്കിടയിലെ കാര്യമാണ് നമ്മൾ പരാമർശ വിധേയമാക്കുന്നത് എന്നത് കൊണ്ട് തന്നെ  പ്രണയത്തിന്റെ കാര്യത്തിൽ രണ്ട് വ്യക്തികൾക്കിടയിൽ അനുഭവപ്പെടുന്ന ആകർഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ആകർഷണം സൗന്ദര്യാധിഷ്ഠിതമായത് കൊണ്ട് തന്നെ പ്രണയത്തിൽ സൗന്ദര്യത്തിന് അതിന്റേതായ പ്രാധാന്യവുമുണ്ട്.

ഒറ്റ കാഴ്ചയിൽ തോന്നുന്ന ആകർഷണത്തിന്റെ പേരിൽ പ്രണയത്തിൽപ്പെടാം. എന്നാൽ പിന്നീടങ്ങോട്ട് കൂടുതൽ പരിചയിച്ച് വരുമ്പോഴുള്ള രീതികളും സ്വഭാവങ്ങളും നമ്മൾ ആഗ്രഹിച്ചതു പോലല്ലോ എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തുടർന്ന് കൊണ്ട് പോകാൻ താത്പര്യപ്പെടാത്തതും , ചില സന്ദർഭങ്ങളിൽ കുടുംബത്തിൽ നിന്ന് പിന്തുണ കിട്ടാത്തതിന്റെ പേരിൽ പിരിയേണ്ടി വരുന്നതായുമുള്ള സാഹചര്യങ്ങൾ ഉടലെടുക്കാം.

ഒരിക്കൽ പ്രണയത്തിൽപ്പെട്ടു എന്നതിന്റെ പേരിൽ പിന്നീട് ആ ബന്ധത്തിൽ താത്പര്യമില്ലാതെ വന്നാൽ അത് വേണ്ടെന്ന് വെക്കാനുള്ള ഒരിടം ആ രണ്ട് വ്യക്തികൾക്കും ഇടയിൽ ഉണ്ടാകുമ്പോൾ ലഭിക്കുന്ന ഒരു സ്വീകാര്യത പ്രണയത്തിന്റെ സൗന്ദര്യമാണ്.




പ്രണയത്തിലായ വ്യക്തികൾക്കിടയിൽ പരസ്പര സ്നേഹം, വിശ്വാസം, പങ്കുവെയ്ക്കപ്പെടൽ എന്നതിനോളം തന്നെ പ്രാധാന്യം അഭിപ്രായങ്ങളേ യും അഭിപ്രായ വ്യത്യാസങ്ങളെയും മാനിക്കപ്പെടുന്നതിലും കാണിക്കുമ്പോഴാണ് പ്രണയത്തിൽ ജനാധിപത്യം ദർശിക്കുന്നത് 
അതായത് പ്രണയത്തിൽ സമൻമാരാകുക. സ്വാഭാവികമായും അങ്ങനെയാണ് 
എല്ലാ പ്രണയത്തിലും സംഭവിക്കുന്നത് എങ്കിൽ പ്രണയത്തിലെ ജനാധിപത്യം നമുക്കിവിടെ ചർച്ചയ്ക്കെടുക്കേണ്ടി വരില്ലായിരുന്നു.എന്നാൽ ഈ വിഷയത്തിന്റെ പ്രാധാന്യം വലിയ അളവിൽ ചർച്ചാ വിഷയമായ ,അത് തുടർന്നു കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്.


പ്രണയത്തിൽ ജനാധിപത്യം ദർശിക്കാനുള്ള ഹൃദയ വിശാലത കാണിക്കാത്തതിന്റെ പേരിൽ 
വിലപ്പെട്ട മനുഷ്യജീവനുകളാണ് നമുക്കിടയിൽ അകാലത്തിൻ ഹോമിക്കപ്പെട്ടിരിക്കുന്നത്. 
ഇനിയും എത്രയോ നാൾ ഈ ഭൂമിയിൽ ജീവിക്കേണ്ടിയിരുന്നവർ, വലിയസ്വപ്നങ്ങൾ അവരും കണ്ടിരുന്നിരിക്കാം, ഉന്നത ഇടങ്ങളിൽ അവരും എത്തുമായിരുന്നിരിക്കാം.


ഒറ്റനിമിഷം കൊണ്ട് എല്ലാം തകർത്തു കളഞ്ഞ് കുടുംബങ്ങളെ വഴിയാധാരമാക്കി, നാടിന് നടുക്കവും തീരാകളങ്കവുമുണ്ടാക്കുന്ന പ്രണയത്തിന്റെ പേരിലുള്ള അക്രമങ്ങൾ കൂടി വരുന്നത് കാരണമാണ് പ്രണയത്തിലെ ജനാധിപത്യം വലിയ തോതിൽ ചർച്ചയാകപ്പെടേണ്ടതാകുന്നത്.


അത്ര നാൾ പ്രണയത്തിൽ മഹനീയത അനുഭവിച്ച ഏതൊരാൾക്കും തനിക്ക് അത് സമ്മാനിച്ചിരുന്ന വ്യക്തിയോട് ക്രൂരത കാണിക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ ഇത്തരം അത്യാഹിതങ്ങൾ സംഭവിക്കുന്ന ഇടങ്ങളിൽ അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന വികാരം പ്രണയമല്ലെന്നും പ്രണയം അവിടെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും വേണം മനസ്സിലാക്കാൻ .
പ്രണയത്തിൽ ഒരാൾ പാകപ്പെടണം. അതേ പാകപ്പെടൽ തന്നെയാണ് ജീവിതത്തിലും ആവശ്യം. 
ശക്തമായ ഹൃദയബന്ധവും അനുഭൂതിധന്യമായ അവസ്ഥയും പരസ്പര പ്രതിബദ്ധതയും 
ഒരു പോലെ സമ്മേളിക്കാനാണ് യഥാർത്ഥ പ്രണയം നമ്മോട് ആവശ്യപ്പെടുന്നത്. പ്രണയത്തിന്റെ പേരിൽ നടക്കുന്ന പല സംഭവങ്ങളിലും യഥാർത്ഥത്തിലുള്ള പ്രണയമല്ല സംഭവിച്ചിരുന്നത് എന്ന് ചിന്താശേഷിയുള്ള ഏതൊരാളും തിരിച്ചറിയുകയും ദൗർഭാഗ്യകരമായ  അത്തരം സംഭവങ്ങളെ
അപലപിക്കുകയും ചെയ്യും.

മറിച്ച് വൈകാരിക അടിമത്തത്തിന് അധീനപ്പെട്ട് അവനവനിലേക്ക് ചുരുങ്ങുമ്പോഴാണ് ചിന്തകൾ സങ്കുചിതമാകുന്നതും മറ്റേയാളുടെ അഭിപ്രായങ്ങൾ മാനിക്കാനുള്ള ബുദ്ധി നഷ്ടപ്പെടുകയും ചെയ്യുന്നത്. താൻ പ്രണയിക്കുകയാണ് എന്ന് അയാൾ കരുതുന്ന മറ്റേ ആളില്ലാതെ തനിക്ക് 
ജീവിക്കാൻ കഴിയില്ല എന്നും താന്നോടൊപ്പമല്ലെങ്കിൽ മറ്റൊരാളോടൊപ്പവും ജീവിക്കാൻ അനുവദിക്കുകയുമില്ല എന്ന അവസ്ഥ സംജാതമാകുന്നതോടെ ബന്ധത്തിൽ ജനാധിപത്യ സ്വഭാവം ഇല്ലാതാകുകയാണ്. അഭിപ്രായ ഭിന്നത വരുമ്പോൾ അതുൾക്കൊള്ളാനുള്ള മാനസിക നിലവാരം വൈകാരിക അടിമ കാണിക്കാറില്ല. കാര്യങ്ങൾ തന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറത്താകുകയും മാനസികനില തകരാറിലാകുന്ന വിധത്തിലേക്ക് കൂപ്പു കുത്തുകയും എന്താണ് താൻ പ്രവർത്തിക്കാൻ പോകുന്നതെന്ന ബോധം നശിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

യഥാർത്ഥ പ്രണയത്തിൽ ദർശിക്കേണ്ടിയിരുന്ന ആത്മബന്ധമോ പ്രതിബദ്ധതയോ അത്തരം ആൾ പുലർത്തുന്ന ബന്ധത്തിൽ കാണാൻ കഴിയില്ല. പിരിഞ്ഞ് കഴിഞ്ഞാലും മറ്റേയാൾ സന്തോഷത്തോടെ കഴിയണം എന്നു മാത്രമേ യഥാർത്ഥ പ്രണയം നയിച്ച ഒരു വ്യക്തി ആഗ്രഹിക്കുകയുള്ളു.തികച്ചും  പുരുഷകേന്ദ്രീകൃതമായ ഒരു രക്ഷാകർതൃ മാതൃകയാണ് സമൂഹത്തിലും, കുടുംബാന്തരീക്ഷത്തിലും ഇന്ന് നിലനിൽക്കുന്നത്. തികഞ്ഞ ജനാധിപത്യരാഹിത്യം സമൂഹത്തിൽ നടമാടുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമായി ഇത് ചൂണ്ടി കാണിക്കാം.



ആവർത്തിക്കുന്ന പ്രണയ കൊലപാതകങ്ങളോടനുബന്ധിച്ച് സമൂഹ മനസ്സിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങൾ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ജനാധിപത്യ ബോധം എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടാക്കാൻ ഉതകുന്നതാകട്ടെ . ജനം സ്വയം ബോധവാനാകാത്ത സാഹചര്യങ്ങളിലാണ് 
ഏതൊരു സന്ദർഭത്തിലും നിയമ നിർമ്മാണവുമായി സർക്കാരിന് ഇടപെടേണ്ടി വന്നിട്ടുള്ളത്.

സാമൂഹ്യ വ്യവഹാരങ്ങളുടെയും, വ്യവസ്ഥിതികളുടെയുമെന്ന പോലെ സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ള മുഴുവൻ ആളുകളുടേയും ബോധം ജനാധിപത്യപരമാകണം. തികച്ചും ജനാധിപത്യപരമായ ചുറ്റുപാടിൽ വളർന്നു വരുന്ന മക്കൾ ആൺ പെൺഭേദമില്ലാതെ പരസ്പരൈക്യത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുന്നവരായിരിക്കും. മനസ്സിലാക്കലിന്റെയും 
ബഹുമാനിക്കപ്പെടലിന്റേയും ആവശ്യകതകൾ അറിഞ്ഞ് വളരുമ്പോൾ 
അവരുടെ എല്ലാ പ്രവർത്തികളിലും ജനാധിപത്യം ദർശിക്കും അത് പ്രണയത്തിലും പകർത്താൻ 
അവർക്ക് കഴിയും.


നമ്മുടെ ദൃശ്യശ്രാവ്യ മാധ്യമങ്ങളും കലയും സാഹിത്യവും വിനോദവും പോലും പ്രണയത്തെ കൈകാര്യം ചെയ്ത് വരുന്നത് ശരിയായ രീതിയിലാണോ എന്നതും ചർച്ചാ വിഷയമാണ്. 
വിവാഹത്തിൽ കലാശിക്കുന്നത് മാത്രമേ യഥാർത്ഥ പ്രണയമാകുന്നുള്ളു എന്നതും സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളിൽപ്പെടും. അലിഖിത നിയമങ്ങളും വാർപ്പ് മാതൃകകളും എടുത്ത് മാറ്റി വ്യക്തിബോധത്തിനും മാനുഷികതയ്ക്കും പ്രാധാന്യം കൽപിക്കുന്ന ജനാധിപത്യ  
വിശ്വാസകളായി നമ്മുടെ മക്കൾക്കെങ്കിലും വളർന്ന് വരാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം ....

ഒന്നിനുമല്ലാതെ എന്തിനോ എം.ടി യുടെ വാക്കുകൾ ഞാനും ആവർത്തിക്കുന്നു. 
"എനിക്ക് നിന്നെ ഇഷ്ടമാണ് - കാരണമൊന്നുമില്ല വഴിയിൽ തടഞ്ഞ് നിർത്തില്ല പ്രേമലേഖനമെഴുതില്ല ഒന്നും ചെയ്യില്ല ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിന്നെ ഇഷ്ടമാണ്. " എന്റെ പ്രണയത്തിന്റെ നയം ഞാനും വ്യക്തമാക്കുന്നു


പരസ്പരം മാനിച്ച് കൊണ്ട് ഉപാധികളൊന്നുമില്ലാതെ ജീവിതകാലം മുഴുവനും നമുക്ക് പ്രണയിച്ച് കൊണ്ടേയിരിക്കാം നീ എവിടെയോ ആണ് .... ഞാൻ മറ്റെവിടെയോ ആണ്.

സുനിത കരിച്ചേരി

No comments