Breaking News

ചെമ്മട്ടംവയൽ –കാലിച്ചാനടുക്കം റോഡ് നവീകരണം ; വളാപ്പാടിയിൽ പാലം പൊളിച്ചുതുടങ്ങി പുതിയ പാലം 3 മാസത്തിനകം


കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ –കാലിച്ചാനടുക്കം റോഡ് നവീകരണം അവസാനഘട്ടത്തിലെത്തിയതോടെ വളാപ്പാടിപാലം പൊളിച്ചുതുടങ്ങി. 5.5 മീറ്റർ ഉയരത്തിലാണ് പുതിയ പാലം പണിയും. നടുവിൽ ഒരുതൂണും രണ്ടുഭാ​ഗത്തും സൈഡ് വാളും അടങ്ങിയതാണ് പാലം. ആറുമീറ്റർ വീതമുള്ള രണ്ട് സ്പാനുകളുണ്ടാകും. കൈവരിയോടെ 8.5 മീറ്ററായിരിക്കും വീതി. ഒന്നരകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നുമാസത്തിനകം പണി തീർക്കുമെന്ന് പിഡബ്ലുഡി റോഡ്സ് വിഭാ​ഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പ്രകാശൻ പറഞ്ഞു .
വളാപ്പാടി പാലം പൊളിക്കുന്ന സമയത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മയ്യങ്ങാനം റോഡിൽ കൽവർട്ട് കോൺക്രീറ്റ് ചെയ്തു. റോഡ് നവീകരണം പൂർത്തിയായാൽ കാഞ്ഞങ്ങാടേക്ക് എളുപ്പമെത്താം. റോഡ് നന്നായാൽ മടിക്കൈ വഴി ബസ് സർവീസുകൾ തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.
ചെമ്മട്ടംവയൽ – കാലിച്ചാനടുക്കം റോഡ് നവീകരണത്തിന്റെ ആദ്യറീച്ചിൽ ബല്ല വയലിലെ അപ്രോച്ച് റോഡ് നവീകരിച്ചിരുന്നില്ല. ഈ ഭാ​ഗത്ത് മൂന്ന് കൽവർട്ടുകൾ അടക്കം പണിത് 4.5 മീറ്റർ ഉയർത്താനായി എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. സൈഡ് വാൾ കെട്ടി 10 മീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നവീകരിക്കുന്നത്. 4.5 കോടി രൂപയാണ് ചെലവ്.


No comments