ബളാൽ കൃഷിഭവനിൽ സൂക്ഷ്മ ജലസേചന ശില്പശാലയും കാർഷിക ഉപകരണ സർവീസ് ക്യാമ്പും സംഘടിപ്പിച്ചു
ബളാൽ: ബളാൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ PMRKVY – PDMC (2025–26) (Per Drop More Crop) പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ ജലസേചനം പ്രോത്സാഹിപ്പിക്കുന്നതിനായി ശില്പശാലയും കാർഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള സർവീസ് ക്യാമ്പും സംഘടിപ്പിച്ചു. ബളാൽ കൃഷിഭവനിൽ നടന്ന പരിപാടിയിൽ നിരവധി കർഷകർ പങ്കെടുത്തു.
പരിപാടിക്ക് ബളാൽ കൃഷി ഓഫീസർ ശ്രീ നിഖിൽ നാരായണൻ സ്വാഗതം പറഞ്ഞു. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത എ ഉദ്ഘാടനം ചെയ്തു. കർഷകരുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
തുള്ളിനന/കണികാ ജലസേചനം (ഡ്രിപ്പ് ഇറിഗേഷൻ) പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ലഭ്യമാകുന്ന സബ്സിഡി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സംബന്ധിച്ച് കാസർകോട് കൃഷി അസിസ്റ്റന്റ് എൻജിനീയർ ശ്രീമതി പ്രവീണ ക്ലാസെടുത്തു. സൂക്ഷ്മ ജലസേചന സംവിധാനങ്ങളുടെ പ്രയോജനങ്ങളും നടപ്പാക്കൽ നടപടികളും സംബന്ധിച്ച വിവരങ്ങളും കർഷകർക്ക് നൽകി.
പരിപാടിയോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ സൗജന്യമായും സബ്സിഡി നിരക്കിലും അറ്റകുറ്റപ്പണികൾ നടത്തി നൽകുന്ന സർവീസ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി കർഷകർ ഈ സൗകര്യം പ്രയോജനപ്പെടുത്തി.ശ്രീജ വി, കൃഷി അസിസ്റ്റന്റ്, നന്ദി രേഖപ്പെടുത്തി.
No comments