ഓൺലൈൻ ഗെയിം; യുവതിയെ കാണാതായതായി പരാതി
ബോവിക്കാനം : ഓൺലൈൻ ഗെയിമിന് അടിമയായെന്ന് കരുതുന്ന യുവതിയെ കാണാതായി. മല്ലം അമ്മംങ്കോട്ടെ അനുശ്രീ (23)യെയാണ് കാണതായത്. രണ്ടുദിവസം മുമ്പാണ് ബിരിക്കുളത്തെ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ പത്ത് മുതലാണ് കാണാതായത്. വീട്ടുകാർ തിരച്ചിൽ നടത്തിയ ശേഷം ആദൂർ പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും മംഗളുരു ഭാഗത്തേക്ക് ട്രെയിൻ കയറിയതായും സ്ഥിരീകരിച്ചു.
അനുശ്രീയുടെ ഡയറി പൊലീസ് പരിശോധിച്ചപ്പോൾ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടതായി മനസിലായി. ആരുടേയും കൂടെ പോകുന്നതല്ലെന്നും ജീവിതം സന്തോഷപ്രദമാക്കാനാണ് യാത്രയെന്നും കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. കൊറിയൻ ഗെയിം അടിസ്ഥാനപ്പെടുത്തി കൂട്ടായ്മയുണ്ടാക്കി മംഗളുരു, ബംഗളുരു എന്നിവിടങ്ങളിൽ ഒന്നിച്ച ശേഷം കളിക്കാനാണ് പോയതെന്ന് സംശയിക്കുന്നു. പൊലീസ് മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
No comments