കാഞ്ഞങ്ങാട് –പാണത്തൂർ പാത പണിമുടക്കിയ യന്ത്രങ്ങളും തൊഴിലാളികളുടെ കുറവും റോഡ് പണി മന്ദഗതിയിൽ ...
രാജപുരം : കരാറുകാരന്റെ അനാസ്ഥയിൽ സംസ്ഥാനപാത വികസനം ഇഴഞ്ഞുനീങ്ങുന്നു. പല വട്ടം ചർച്ച നടത്തിയിട്ടും വാക്കുപാലിക്കാതെ കരാറുകരൻ. കാഞ്ഞങ്ങാട് –പാണത്തൂർ പാത വികസനം വേഗത്തിലാക്കാൻ കരാറുകാരൻ താൽപ്പര്യം കാട്ടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
പൂടംകല്ല് മൂതൽ പാണത്തൂർ ചിറംകടവ് വരെ റോഡ് മെക്കാഡം ടാർ ചെയ്യുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 60 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി ആറ് മാസം മുമ്പ് തന്നെ പ്രവൃത്തി ആരംഭിച്ചിരുന്നങ്കിലും പണി എങ്ങുമെത്തിയില്ല.
റോഡ് വികസനസമിതി പ്രവർത്തകരും, നാട്ടുകാരും സമരത്തിന് ഇറങ്ങുമ്പോൾ രണ്ടുദിവസം തുടർച്ചയായി പണി എടുക്കുകയും പിന്നീട് ആഴ്ച്ചകളോളം പണി നിർത്തി വെക്കുകയുമാണ്. മാസങ്ങൾക്കുമുമ്പ് തുടങ്ങിയ കൾവർട്ട് നിർമ്മാണം പലയിടത്തും പൂർത്തിയായിട്ടില്ല. പൂടംകല്ല് മുതൽ കള്ളാർ വരെ നിലവിലുണ്ടായിരുന്ന ടാറിങ് കുത്തിപൊളിച്ചതോടെ പൊടി പടലങ്ങൾ കൊണ്ടുനിറഞ്ഞു. ദിവസം രണ്ടുനേരമെങ്കിലും വെള്ളം ഒഴിക്കണമെന്ന നിർദ്ദേശവും കരാറുകാരൻ പാലിക്കുന്നില്ല.
ആവശ്യമുള്ള തൊഴിലാളികളും, യന്ത്രങ്ങളും ഇല്ലാതെ വന്നതോടെ പണി നിർത്തിവെക്കുന്ന സ്ഥിതിയാണ്. കരാറുകാരനെ പങ്കെടുപ്പിച്ച് ഉദ്യോഗസ്ഥർ പല തവണ യോഗം ചേർന്നു. റോഡുപണി വേഗത്തിലാക്കുന്നതിന് തീരുമാനിച്ചെങ്കിലും ഇപ്പോഴും പഴയപടി തന്നെ. പൊടിപടലങ്ങളും, യാത്രാപ്രയാസം കൊണ്ട് പൊതുജനങ്ങളും ഏറെ പ്രയാസം അനുഭവിക്കുയാണ്.
No comments