Breaking News

കോടോത്ത് ക്ഷേത്രത്തിനുസമീപം ചെങ്കല്ലറ കണ്ടെത്തി മലയോരമേഖലയിൽ ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കല്ലഞ്ചിറ, എന്നിടങ്ങളിൽ ചെങ്കല്ലറ കണ്ടെത്തിയിട്ടുണ്ട്


കാഞ്ഞങ്ങാട് : കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം 1800 വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. ക്ഷേത്രത്തിന് സമീപം പറമ്പ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്. മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ, കൽപ്പത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി എന്നി പേരുകളിലറിയപ്പെടുന്ന ചെങ്കല്ലറയാണിത്. നൂറ്റാണ്ട് പഴക്കമുള്ള ദാരുശില്പങ്ങൾ കൊണ്ട് പ്രശസ്തമാണ് കോടോത്ത് ക്ഷേത്രം. ഇവിടെ ചെങ്കല്ലറ കണ്ടെത്തിയത് പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം വർദ്ധിപ്പിച്ചിരിക്കയാണ്.
ഗുഹകണ്ടെത്തിയ വിവരമറിഞ്ഞ് സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകരുമായ ഡോ. നന്ദകുമാർ കോറോത്ത്, സി പി രാജീവൻ എന്നിവർ ഗുഹകൾ മഹാശിലാ സംസ്കാരത്തിന്റെ ശേഷിപ്പുകളാണെന്ന് സ്ഥിരീകരിച്ചു. ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച ചെങ്കല്ലറയുടെ ഒരു ഭാഗത്ത് പടികളും മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചു വയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഇറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്.
വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്താണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. മണ്ണ് നിറഞ്ഞു കിടക്കുന്നതിനാൽ ചെങ്കല്ലറയുടെ ഉൾഭാഗം വ്യക്തമായിട്ടില്ല.
ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താംങ്കണ്ടം, പനങ്ങാട്‌, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, മടിക്കൈ, പൈവളിഗെ, കാര്യാട് മലപ്പച്ചേരി എന്നിവിടങ്ങളിൽനിന്ന് പലപ്പോഴായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.
ചരിത്ര സ്മാരകം സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകത ചരിത്ര ഗവേഷകരിൽ നിന്നും മനസ്സിലാക്കിയ ക്ഷേത്രം ഭാരവാഹികളായ കോടോത്ത് വിജയൻ നമ്പ്യാർ, പ്രൊ.എ സി കുഞ്ഞിക്കണ്ണൻ നായർ എന്നിവർ ചെങ്കല്ലറ ഇരുമ്പുവേലി കെട്ടി സംരക്ഷിക്കുമെന്ന് അറിയിച്ചു.


No comments