Breaking News

ഭാര്യവീട്ടിൽ ഒളിവിൽ കഴിഞ്ഞ വധശ്രമകേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ


നീലേശ്വരം: വധശ്രമകേസിൽ കഴിഞ്ഞ 12 വർഷമായി ഒളിവിൽ കഴിയുയായിരുന്ന പ്രതിയെ ഭാര്യാവീട്ടിൽ നിന്നും ചന്തേര പോലീസ് അറസ്റ്റുചെയ്തു. തൃക്കരിപ്പൂർ ബീരിച്ചേരി ഉദിനൂർ പീടികയിൽ ഹൗസിൽ സാബിദ് എന്ന സാബിർ (40)നെയാണ് നീലേശ്വരം കോട്ടപ്പുറത്തെ ഭാര്യവീട്ടിൽ നിന്നും ചന്തേര എസ്ഐ എം.വി.ശ്രീദാസും സംഘവും അറസ്റ്റുചെയ്തത്. 2008 ൽ ഇളമ്പച്ചി സ്വദേശിയായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമകേസിലെ പ്രതിയാണ് സാബിർ. സംഭവത്തിന് ശേഷം ഇയാൾ ഗൾഫിലേക്ക് കടക്കുകയായിരുന്നു. വർഷങ്ങളോളം കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി സാബിറിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് സാബിർ പിടിയിലായത്. സാബിർ ഭാര്യവീട്ടിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ശ്രീദാസും എഎസ്ഐ കെ.ലക്ഷ്മണൻ, സിവിൽ പോലീസ് പി.പി.സുധീഷ്, എം.ശരണ്യ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കോട്ടപ്പുറത്തെ ഭാര്യവീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സാബിറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments