ബിരിക്കുളത്തേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് മുടക്കിയിട്ട് വർഷങ്ങളായി; ദുരിതത്തിലായി യാത്രക്കാർ പെർമിറ്റ് ഉണ്ടായിട്ടും സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നില്ലെന്ന് നാട്ടുകാർ
ബിരിക്കുളം : പുലര്‍ച്ചെയും രാത്രിയും ഉള്ള സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതുമൂലം ബിരിക്കുളത്തേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ യാത്രാദുരിതം പേറുകയാണ്. രാവിലെ 6.25 ന് ബിരിക്കുളത്തു നിന്നും പുറപ്പെടുന്ന ബസ് രാത്രി 7.35 ന് നീലേശ്വരത്തു നിന്നും തിരിച്ച് ബിരിക്കുളത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് ഇവര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കോവിഡ് കാലത്തിനു ശേഷം ഈ ബസ് ബിരിക്കുളത്തേക്കു വരാതെയായി. ട്രെയിന്‍ യാത്രക്കാരായ ജനങ്ങള്‍ക്ക് രാവിലെയും രാത്രിയും ഏറെ ഉപകാരപ്രദമായിരുന്നു ഇവരുടെ സര്‍വീസ്. ഇവിടേക്കുള്ള ആദ്യത്തേയും അവസാനത്തേയും ട്രിപ്പ് ഇവരുടേതാണ്. നിലവില്‍ രാത്രി നീലേശ്വരത്തുതന്നെയാണ് ഇത് നിര്‍ത്തിയിടുന്നത്. പെര്‍മിറ്റ് ഉണ്ടായിട്ടും സര്‍വീസ് മുടക്കിയതിനെതിനെ ജനങ്ങള്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. ഈ സര്‍വീസ് തുടര്‍ന്നും നടത്താനുള്ള ഇടപെടല്‍ നടത്തുകയോ അല്ലാത്തപക്ഷം പെര്‍മിറ്റ് കട്ട് ചെയ്യാനോ ആര്‍.ടി.ഒ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. രാത്രി 7.25 ന് നീലേശ്വരത്തു നിന്നും ബിരിക്കുളത്തേക്കുള്ള മറ്റൊരു സ്വകാര്യ ബസും കൊവിഡിനു ശേഷം സര്‍വീസ് നിര്‍ത്തി. ചോയ്യങ്കോടാണ് ഇത് സര്‍വീസ് അവസാനിപ്പിക്കുന്നത്.
No comments