Breaking News

"കഠിന കഠോരമീ റോഡ് യാത്ര" കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാത ; രൂക്ഷമായ പൊടിശല്യത്തിൽ വലഞ്ഞു യാത്രക്കാർ


രാജപുരം : എന്നുതീരും ഈ പണിയെന്നാണ്‌ ഇപ്പോൾ പൂടങ്കല്ലുമുതൽ കള്ളാർവരെ നിർമാണം നടക്കുന്ന കാഞ്ഞങ്ങാട് –-പാണത്തൂർ സംസ്ഥാന പാതയുടെ പരിസരത്ത്‌ താമസിക്കുന്നവർ ചോദിക്കുന്നത് . ദിവസവും ജനങ്ങളെ പൊടി തീറ്റിക്കുന്ന റോഡിന്റെ ഇഴഞ്ഞുനീങ്ങാൻ തുടങ്ങിട്ട് മാസം എട്ടായി. ഏപ്രിൽ 10ന് മുമ്പായി പൂടംങ്കല്ല്‌ മുതൽ കള്ളാർ വരെ ടാറിങ് പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയിട്ടായിരുന്നു കഴിഞ്ഞതവണ എംഎൽഎ പങ്കെടുത്ത യോഗത്തിൽ നിന്നും കരാറുകാരൻ ഇറങ്ങിയത്. എന്നാൽ ഒരുമുന്നേറ്റവുമുണ്ടായില്ല. പൂടങ്കല്ല് മുതൽ ചെറംകടവ് വരെ വരുന്ന 18 കിലോമീറ്റർ റോഡ് വികസിപ്പിച്ച്‌ മെക്കാഡം ടാർ ചെയ്യുന്നതിന് 59.94 കോടി രൂപ സർക്കാർ അനുവദിച്ചു. കരാർ നൽകിയിട്ട് വർഷം ഒന്നായി. എട്ടുമാസംമുമ്പ് പ്രവൃത്തി ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. പൊടിപടലം കൊണ്ടുനിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാതെ ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് കരാറുകാരന്റെ അനാസ്ഥ തുടരുന്നത്. ആവശ്യത്തിന് ഉപകരണങ്ങളില്ലാതെയാണ്‌ പ്രവൃത്തി. ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ പല സ്ഥലങ്ങളിൽനിന്നും സാധനങ്ങൾ വാടകക്കെടുത്ത് പണി ആരംഭിച്ചെങ്കിലും പലർക്കും പറഞ്ഞസമയത്ത് വാടക കൊടുക്കാത്തിനെതുടർന്ന് ജെസിബി ഉൾപ്പെടെ ഉടമകൾ തിരികെകൊണ്ടുപോയി. മഴ വന്നാൽ റോഡിൽ കൂടി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. എപ്പോൾ പണി തീർക്കുമെന്ന് കരാറുകാരന് ഒരു ഉറപ്പുമില്ല. പണി വൈകുന്നതിനെ തുടർന്ന് കരാറുകാരന് പലതവണ നോട്ടീസ് നൽകിയിട്ടും ഫലമില്ല


No comments