ജോലിക്കു പോകാതെ കടം വാങ്ങി ജീവിച്ചു, സമാധാനം പോയി, കവർച്ചക്കിറങ്ങി, ബുള്ളറ്റും വാങ്ങി; മീശ വിനീത് ഇനി ജയിലിൽ
തിരുവനന്തപുരം: കണിയാപുരത്തെ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം മീശ വിനീത് എന്നറിയപ്പെടുന്ന വിനീതിനെ ഉള്‍പ്പെടെ പിടിച്ചെങ്കിലും പണം തിരിച്ചുപിടിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ രണ്ടുപേരും തൃശ്ശൂരേക്ക് കടക്കുകയായിരുന്നു. പൊലീസ് പിടിയിലാകുന്നതിന് മുന്‍പേ തന്നെ മോഷ്ടിച്ച പണം വിനീത് ചെലവഴിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിനീതിനെതിരെ പത്തോളം മോഷണക്കേസുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ തമ്പാനൂര്‍ സ്റ്റേഷനിലും കേസുണ്ട്.
ബലാത്സംഗ കേസില്‍ ജയില്‍ മോചിതനായതിന് ശേഷം നാട്ടില്‍ വിനീതിന് ഒട്ടും സ്വീകാര്യതയുണ്ടായിരുന്നില്ല. ജോലിക്കും പോയിരുന്നില്ല. അതിനെ തുടര്‍ന്ന് കടം വാങ്ങിയാണ് വിനീത് കാര്യങ്ങള്‍ നടത്തിയിരുന്നത്. കടം പെരുകിയിരുന്നു. കടം നല്‍കിയവര്‍ തിരികെ ചോദിച്ചു തുടങ്ങിയിരുന്നു. അതേ സമയം തന്നെ ഇന്‍സ്റ്റഗ്രാമില്‍ തന്റെ മീശയുമായി സജീവമായിരുന്നു. കടം വീട്ടാനും റീല്‍സിലൂടെ തിരികെ വരാന്‍ ബുള്ളറ്റ് സ്വന്തമാക്കാനുമാണ് വിനീത് മോഷണത്തിനിറങ്ങിയതെന്നാണ് മനസ്സിലാവുന്നത്. മോഷ്ടിച്ച പണം കൊണ്ട് ബുള്ളറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും ഉപയോഗിച്ച തുടങ്ങുന്നതിന് മുന്‍പേ പൊലീസ് വലയിലാക്കുകയായിരുന്നു.
No comments