Breaking News

നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി


ചെറുവത്തൂർ : പദ്ധതി നിർവഹണത്തിൽ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിന്‌. പുതുമയുള്ളതും ജനോപകാരപ്രദവുമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും സമയബന്ധിതമായി ഫണ്ട്‌ നൽകി പൂർത്തീകരിച്ചുമാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ നേട്ടം കൊയ്‌തത്‌. ആത്മഹത്യാ പ്രതിരോധ ക്ലിനിക്ക്‌, ഭിന്നശേഷികാർക്ക്‌ മുച്ചക്ര വാഹനം, ബ്ലോക്ക്‌ പഞ്ചായത്ത്‌, ചെറുവത്തൂർ സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ സോളാർ പ്ലാന്റ്‌, ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഷീപാഡ്‌, സഞ്ചരിക്കുന്ന ആതുരാലയം എന്നിവ നടപ്പാക്കി.
ചെറുവത്തൂർ, തൃക്കരിപ്പൂർ ആശുപത്രികളിൽ രാത്രിയിൽ ഡോക്ടറുടെ സേവനം, ഫിസിയോ തെറാപ്പി സെന്റർ, ആശുപത്രികളിൽ വാട്ടർ എടിഎം, പട്ടികജാതി വിദ്യാർഥികൾക്ക്‌ നെറ്റ്‌ സെറ്റ്‌ പരിശീലനം, തൃക്കരിപ്പൂർ താലൂക്ക്‌ ആശുപത്രിയിൽ വിപുലമായ ഡയാലിസിസ്‌ സംവിധാനം എന്നിവയും സവിശേഷമായി.
യുവജനങ്ങൾക്ക്‌ വാദ്യോപകരണ വിതരണം, ബ്ലോക്ക്‌ കാർഷിക മേള, മുരിങ്ങയില തുളസിയില ടീ ബാഗ്‌ നിർമാണ യൂണിറ്റുകൾ, വഴിയോര വിശ്രമ കേന്ദ്രം, വിപണന കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ജലസ്രോതസ്‌ നവീകരണം, ശുചിത്വ സമുച്ചയങ്ങൾ, ലൈഫ്‌ ഭവനം, കുടിവെള്ളം, ക്ഷീര മേഖല തുടങ്ങിയ പദ്ധതികൾ എല്ലാവിഭാഗത്തിനും ഉപകാരപ്പെടുന്നതാണ്‌.

കൂട്ടായ്‌മയുടെ നേട്ടം
ഭരണസമിതിയുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ സേവനത്തിന്റെ ഭാഗമായാണ്‌ ഈ നേട്ടം. ആരോഗ്യ മേഖലയിൽ ആർദ്രം പുരസ്‌കാരം, തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ മഹാത്മാ പുരസ്‌കാരം എന്നിവ ബ്ലോക്കിന്‌ ലഭിച്ചിട്ടുണ്ട്‌.



No comments