പടക്കം പൊട്ടി ; റിസോർട്ടിന് തീപിടിച്ച് 2 കോടിയുടെ നഷ്ടം നീലേശ്വർ ഹെർമിറ്റേജിലാണ് തീപിടിച്ചത്.
കാഞ്ഞങ്ങാട് : വിഷുദിനത്തിൽ പൊട്ടിച്ച പടക്കത്തിന്റെ തീപ്പൊരിവീണ് പുല്ലുമേഞ്ഞ റിസോർട്ട് സമുച്ചയം കത്തിയമർന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ നീലേശ്വർ ഹെർമിറ്റേജിലാണ് (ഛാപ്രി റിസോർട്സ്) തീപിടിച്ചത്.
ശനി പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഭരണവിഭാഗം ഓഫീസിനാണ് തീപിടിച്ചത്. ഫർണിച്ചറുകളും സാധന സാമഗ്രകളും പൂർണമായും കത്തിനശിച്ചു. രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായതായി സ്ഥാപന അധികൃതർ ഹൊസ്‌ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിലപിടിപ്പുള്ള മരത്തടികളിൽ അലങ്കാരത്തിലാണ് റിസോർട്ട് നിർമിച്ചിരുന്നത്.
കാഞ്ഞങ്ങാട് നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേനയും സിവിൽഡിഫൻസ് അംഗങ്ങളും നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. വിദേശികളടക്കം താമസിക്കുന്ന ഇവിടെ സംഭവ സമയത്ത് ആരുമുണ്ടായിരുന്നില്ല. ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്.
അഗ്‌നിരക്ഷാ സേന ഓഫീസർമാരായ പി ജി ജീവൻ, വിനീത്, ഷിബിൻ, അനിൽ, സി വി അജിത്ത്, അജിത്ത്, ഹോംഗാർഡ് ബാബു, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് കുമാർ, അബ്ദുൾ സലാം, രതീഷ്, അനീഷ്, ഷക്കീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
No comments