Breaking News

വിജിലൻസിന്റെ കരുതലിൽ 
 നിഷയ്‌ക്ക്‌ നന്മയുടെ പട്ടയം


കാസർകോട് : കരുണ വറ്റാത്ത സേവനത്തിന്റെയും ധർമംവിടാത്ത ഉത്തരവാദിത്തത്തിന്റെയും കെെക്കൂലിക്കെതിരായുള്ള പോരാട്ടത്തിന്റെയും തെളിവായ പട്ടയം ഇനി നിഷയ്ക്ക്. പട്ടയം നൽകാൻ ഒന്നരലക്ഷം കെെക്കൂലിയാവശ്യപ്പെട്ട വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റന്റിനെയും കുടുക്കിയ കയ്യൂർ ഞണ്ടാടിയിലെ പി നിഷയ്ക്കാണ് തിങ്കളാഴ്ച പട്ടയം ലഭിച്ചത്. നിഷയുടെ പരാതിയെത്തുടർന്ന് ജാഗ്രതയോടെ ഇടപെട്ട വിജിലൻസ് ഉദ്യോഗസ്ഥർ കെെക്കൂലിയാവശ്യപ്പെട്ട ഉദ്യോഗസ്ഥരെ പിടികൂടി പട്ടയം ലഭ്യമാക്കാൻ നിരന്തരം ഇടപെടുകയായിരുന്നു. തിങ്കളാഴ്ച കാസർകോട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ തഹസിൽദാർ പി ഉദയകുമാറും വിജിലൻസ് ഡിവെെഎസ്‌ പി കെ വി വേണുഗോപാലും പട്ടയം കെെമാറി. തുടർന്ന് കാസർകോട് വിജിലൻസ് ഓഫീസിലെത്തിയ നിഷ സഹായിച്ച ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു.
പെരിങ്ങാര മന്ദച്ചംവയലിൽ അച്ഛന്റെ അമ്മ ലക്ഷ്മി നികുതിയടച്ചിരുന്ന 50 സെന്റ് സ്ഥലത്തിനാണ് പട്ടയത്തിനായി നിഷ ചീമേനി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. ആദ്യം ഒന്നരലക്ഷം കെെക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും അസിസ്റ്റന്റും പിന്നീടത് 50,000മായി കുറച്ചു. അത് നൽകാനാവില്ലെന്ന് അറിയിച്ചപ്പോൾ 25000മായി കുറച്ചു.
പിന്നീട് ഇത് നൽകാൻ കെട്ടുതാലി പണയപ്പെടുത്താൻ ഓഫീസർ ആവശ്യപ്പെട്ടു. ഇതിനായി കെട്ടുതാലി പണയംവച്ചെങ്കിലും വില്ലേജ് ഓഫീസ്‌ ചുമരിൽ കുറിച്ച വിജിലൻസിന്റെ നമ്പർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരാതിപ്പെടുകയായിരുന്നു. തുടർന്ന് 2021 നവംബർ അഞ്ചിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ കെ വി സന്തോഷിനെയും ഫീൽഡ് അസിസ്റ്റന്റ് കെ സി മഹേഷിനെയും വിജിലൻസ് പിടികൂടി. തുടർന്ന് കേസിൽ സജീവമായി ഇടപെട്ട വിജിലൻസ് അധികൃതർ നിഷയ്ക്ക് അർഹതപ്പെട്ട പട്ടയം ലഭ്യമാക്കി. ഒരുകേസിന്റെ ഭാഗമായി പട്ടയം ലഭ്യമാക്കിയ നടപടി വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമാണ്.

അർഹതയ്ക്കാണ് മൂല്യം
വിജിലൻസിൽ പരാതിപ്പെട്ടാൽ പട്ടയം കിട്ടുമോ എന്ന ഭയം ആദ്യം നിഷയ്ക്കുണ്ടായിരുന്നു. എന്നാൽ അർഹതപ്പെട്ടതാണെങ്കിൽ പട്ടയം ലഭ്യമാക്കാൻ കൂടെയുണ്ടാകും എന്ന ഉറപ്പുനൽകിയപ്പോൾ സധെെര്യം പരാതിയിൽ ഉറച്ചുനിന്നു. നിഷയ്ക്ക് ലഭ്യമാക്കിയ ഉറപ്പ് പാലിക്കാൻ സാധിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും ഇക്കാര്യത്തിലുണ്ടായി
കെ വി വേണുഗോൽ, ഡിവെെഎസ്പി
കാസർകോട് വിജിലൻസ് ആൻഡ് 
ആന്റി കറപ്ഷൻ ബ്യൂറോ

അഴിമതിക്കാരെ കുടുക്കുന്ന സർക്കാർ
പട്ടയത്തിനായി പലപ്രാവശ്യം വില്ലേജോഫീസിൽ കയറിയറിങ്ങി. ആദ്യമൊന്നും ഓഫീസർ ഗൗനിച്ചില്ല. പിന്നീട് പലതവണ ഫോണിൽ പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. പേടിച്ചിട്ടാണ് പല കാര്യങ്ങൾക്കും പലരും പണം നേടി കാര്യങ്ങൾ സാധിക്കുന്ന പതിവുണ്ട്. നമുക്ക് അർഹതപ്പെട്ടതാണെങ്കിൽ അത് ലഭിക്കാതെ പോകില്ല. അത്തരത്തിൽ അഴിമതിക്കാരെ കണ്ടെത്തി കുടുക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്.
പി നിഷ


No comments