Breaking News

തട്ടിപ്പിന്റെ കാര്യത്തിൽ അശ്വതി അച്ചുവിന് 'ഡബിൾ ഡോക്ടറേറ്റ്', 66കാരനെ മോഹിപ്പിച്ച് അടിച്ചെടുത്തത് ആയിരങ്ങൾ


പൂവാര്‍ :  വിവാഹ വാഗ്ദാനം നല്‍കി 66കാരനില്‍നിന്ന് പണം തട്ടിയ കേസില്‍ പേരൂര്‍ക്കട വയലിക്കട അപ്പാര്‍ട്ട്‌മെന്റ് (ആര്‍.ആര്‍.എ 90/എ) സില്‍ അശ്വതി അച്ചുവിനെ (39) പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി റിട്ട.ബാങ്ക് ജീവനക്കാരന്‍ മുരുകന്റെ(66) പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മുരുകന്‍ തന്റെ സുഖമില്ലാത്ത മകളെ പരിചരിക്കുന്നതിന് ഒരു സ്ത്രീയുടെ സഹായം തേടുന്നതിനിടയിലാണ് അശ്വതി അച്ചുവിനെ പരിചയപ്പെടുന്നത്. തനിക്ക് 40,000 രൂപയുടെ ബാദ്ധ്യതയുണ്ട്. അത് പരിഹരിച്ചാല്‍ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിച്ചുകൊള്ളാമെന്നായിരുന്നു അശ്വതിയുടെ വാഗ്ദാനം. ഇതില്‍ വിശ്വസിച്ച് മുരുകന്‍ ആദ്യം 25000 രൂപ നല്‍കി. പൂവാര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോള്‍ 15000 രൂപയും നല്‍കി. എന്നാല്‍ നെറ്റ് കണക്ഷന്‍ ഇല്ലാതിരുന്നതിനാല്‍ രജിസ്‌ട്രേഷന്‍ അന്ന് നടന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പണം സ്വീകരിച്ച കാര്യം അശ്വതി നിഷേധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൊല്ലം ആയൂര്‍ തുളമുളയ്ക്കല്‍ ഒഴുവുപാറയ്ക്കല്‍ അശ്വതി ഭവനില്‍ രാധാമണിയുടെ മകളാണ് അശ്വതി അച്ചു.

പരാതിയെ തുടര്‍ന്ന് പൊലീസ് ഫോണില്‍ വിളിച്ചപ്പോള്‍ നാട്ടിലാണെന്നാണ് അശ്വതി പറഞ്ഞത്. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി വാടകയ്ക്കു താമസിക്കുന്ന മുട്ടടയിലെ ഫ്‌ലാറ്റ് കണ്ടെത്തി അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി അശ്വതി തട്ടിപ്പുനടത്തിയിരുന്നതായയും സമൂഹ മാദ്ധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന മറ്റു പെണ്‍കുട്ടികളുടെ ഫോട്ടോ ഇതിനായി ഉപയോഗിച്ചിരുന്നതായും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. അശ്വതിയുടെ ഹണി ട്രാപില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേരാണ് അകപ്പെട്ടത്. നിരവധി കേസുകളാണ് അശ്വതിയുടെ പേരില്‍ ഉള്ളത്.


പൂവാര്‍ സി.ഐ എസ്.ബി പ്രവീണിന്റെ നേതൃത്വത്തില്‍ എസ്.ഐ തിങ്കള്‍ ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിനി, സി.പി.ഒ അരുണ്‍, ഡ്രൈവര്‍ ഷാജു തുടങ്ങിയവര്‍ മുട്ടട ട്രാവന്‍കൂര്‍ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.കൂട്ടുപ്രതി ഇരുവൈക്കോണം സ്വദേശി മോഹനനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

No comments