Breaking News

നീണ്ട 42 വർഷത്തെ സേവനം എളേരിത്തട്ടിന്റെ സൗമ്യമുഖം ഇന്ന് പോസ്റ്റോഫീസിൻ്റെ പടിയിറങ്ങുന്നു


എളേരി: നീണ്ട 42 വർഷത്തെ സേവനത്തിനു ശേഷം എളേരിത്തട്ടിൻ്റെ സ്വന്തം പോസ്റ്റ്‌മാൻ ദാമോദരേട്ടൻ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുകയാണ്. 1982 ൽ എളേരിത്തട്ടിൽ  പോസ്റ്റ്‌ ഓഫീസ് ആരംഭിച്ച കാലം മുതൽ ഇന്ന് 2023 മെയ് 26 വരെ എളേരിക്ക് ഈ ഒരു പോസ്റ്റ്‌മാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എളേരി, മങ്കം, പലേരിത്തട്ട്, അടുക്കളമ്പാടി, വള്ളിക്കൊച്ചി, പുലിമട, കുറത്തിമട, വിലങ്ങ്, ചുള്ളി, മയിലുവള്ളി, കുണ്ടുപൊയിൽ, കുണ്ടുതടം എന്നിങ്ങനെ വിസ്തൃതമായി കിടക്കുന്ന ഏരിയയിൽ എത്രയോ കിലോമീറ്ററുകൾ കുന്നും മലകളും കയറിയിറങ്ങി നടന്നു പോയി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട് ദാമോദരേട്ടൻ.

ഈ കാലമത്രയും ഒരു സൈക്കിൾ പോലുമില്ലാതെ കിലോമീറ്ററുകൾ നടന്നു താണ്ടിയാണ് ദാമോരേട്ടൻ ആളുകളുടെ അടുത്ത് എത്താറുള്ളത്. 42 വർഷത്തെ നടത്തം കണക്ക് കൂട്ടിയാൽ പല തവണ രാജ്യം ചുറ്റി സഞ്ചരിച്ച് വരുന്നത്രയും ഉണ്ടാവണം.

ഈ കാലയളവിൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് നിയമന ഉത്തരവുകൾ കൈപ്പറ്റി ജോലി നേടിയവർ ഒരുപാടുണ്ട്. മാസാ മാസം വീടുകളിൽ മുടങ്ങാതെ എത്തിച്ചിരുന്ന പെൻഷനുകൾ, പ്രിയപ്പെട്ടവരുടെ സുഖ വിവരം തേടിയുള്ള കത്തുകൾ,ബാങ്ക് നോട്ടീസുകൾ.. അങ്ങനെ ഒരുപാട്.

അക്കാലത്ത് എഴുത്തു പരീക്ഷയോ മറ്റൊന്നും ഇല്ല, എഴുത്തും വായനയും അറിയുന്ന കുറച്ചു പേരെ വിളിച്ചു കൂട്ടി, ബോർഡിൽ എഴുതിയ അഡ്രെസ്സ് തെറ്റാതെ വായിക്കണം അത്രേ വേണ്ടൂ, ആ പരീക്ഷ ദാമോദരേട്ടൻ പാസ്സായിനെ പോസ്റ്റ്മാൻ്റെ ജോലിയും കിട്ടി. അന്ന് ശമ്പളം മാസം 105 രൂപ. അതിൽ നിന്ന് പടുത്തുയർത്തിയ ജീവിതമാണ്, രണ്ടു മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിച്ചു, മകൾ ഇന്ദു പോസ്റ്റൽ ഡിപ്പാർട്മെന്റ്ൽ തന്നെയുണ്ട്. രണ്ടാമത്തെ മകൾ സിന്ധു, ടീച്ചർ ആണ്. ഭാര്യ സുശീല. 

105 രൂപയിൽ തുടങ്ങിയ കാൽ വെയ്പ് ഇന്ന് പടിയിറങ്ങുമ്പോഴും അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം ഏറ്റവും ചെറിയ അഞ്ചക്കം മാത്രമാണ്. കരുതി വെയ്ക്കാൻ ഒന്നും ബാക്കിയില്ലാതെ ഞെരുങ്ങുമ്പോഴും പോസ്റ്റ്‌മാൻ പദവി ഉപേക്ഷിച്ചില്ല. ജനിച്ചു വളർന്ന നാട്ടിൽ തന്നെ കിട്ടിയ ജോലിയിൽ തൃപ്തിപ്പെട്ട് ജീവിച്ചു. ആരോടും പരിഭവമില്ലാതെ, പരാതിയില്ലാതെ..

ഇനി മുതൽ എളേരിയിൽ കട വരാന്തകളിലോ , കോളേജ് മുക്കിലോ , റോഡരികിലോ ഒന്നും കഴുത്തിൽ കനമുള്ള ബാഗും തൂക്കി, മുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ചു നടന്നു നീങ്ങുന്ന ദാമോരേട്ടനെ കാണില്ല.

സ്കൂൾ വിട്ട് പോകുമ്പോൾ, "കത്തുണ്ടോ ദാമോരേട്ടാ" എന്ന് ചോദിക്കുന്ന കുഞ്ഞുമക്കളെ കാത്തിരിക്കുന്ന ദാമോരേട്ടൻ ഉണ്ടാവില്ല.

മൂന്ന് തലമുറയിൽ പെട്ട ആളുകൾ എങ്കിലും ഇദ്ദേഹത്തെ പോസ്റ്റ്‌മാൻ ആയി കണ്ടിട്ടുണ്ടാവും, ഇത്രയും വർഷത്തെ അനുഭവ സമ്പത്തുമായി വിരമിക്കുന്നവർ വിരളമാണ്. ദാമോദരേട്ടന് നല്ല നിലയിൽ സർവ്വീസ് പൂർത്തിയാക്കാൻ സഹപ്രവർത്തകരായിരുന്ന സ്വപ്ന ഭാസ്ക്കരൻ്റേയും, ദീപകൃഷ്ണൻ്റേയും ആത്മാർത്ഥ പിന്തുണയും കരുതലും ഉണ്ടായിരുന്നു.

ആയുസ്സിന്റെ മുക്കാൽ ഭാഗവും നടന്നു തീർത്ത ആ ഏകാന്ത പഥികൻ ഇനിയുള്ള കാലം മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം വിശ്രമ ജീവിതത്തിലേക്ക് കടക്കുകയാണ്.

ഇന്ന് ഉച്ചക്ക് 2 മണിക്ക് എളേരി പോസ്റ്റ്‌ ഓഫീസിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ്.


(ദാമോദരേട്ടനെക്കുറിച്ച് സഹപ്രവർത്തകയായിരുന്ന സ്വപ്ന ഭാസ്ക്കരൻ വളപ്പിൽ ഏറെ വൈകാരികത നിറഞ്ഞ വാക്കുകളിൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ഈ വാർത്തയുടെ ആധാരം)

No comments