Breaking News

വിവാദങ്ങൾ കത്തിനിൽക്കെ ഇന്ന് പാലക്കുന്നിൽ 'കക്കുകളി' നാടകം അരങ്ങേറും നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകൾ രംഗത്ത് വന്നിരുന്നു


കാഞ്ഞങ്ങാട്: കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി 'കക്കുകളി' നാടകത്തിൽ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്, സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി കത്തോലിക്കാ സഭ രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് 'നാടക്' കാസർകോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പാലക്കുന്ന് അംബികാ സ്ക്കുൾ ഓഡിറ്റോറിയത്തിൽ ഇന്ന് (മെയ് 3 ) രാത്രി 7.30 കക്കുകളി അരങ്ങേറുന്നത്.

 കെ സി ബി സി തന്നെ പുരസ്‌കാരം നല്‍കിയിട്ടുള്ള, ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് കക്കുകളി. തീരപ്രദേശത്തെ മനുഷ്യ ജീവിതമാണ് കഥയില്‍ നെറോണ പറയുന്നത്.  

1980-കളിലാണ് ഈ കഥ നടക്കുന്നത്. കമ്യൂണിസ്റ്റുകാരനായിരുന്ന അപ്പന്റെ മരണശേഷം ജീവിതപ്രാരാബ്ദങ്ങള്‍ മൂലം നതാലിയ എന്ന പെണ്‍കുട്ടിയെ കടുത്ത മതവിശ്വാസിയായ അമ്മ മഠത്തില്‍ അയക്കുന്നു. പതിനാറ് വയസുള്ള ഒരു പെണ്‍കുട്ടിയുടെ സുരക്ഷിതത്വവും, വിശപ്പ് മാറ്റാനുള്ള വഴിയുമൊക്കെ അത്തരമൊരു തീരുമാനത്തിനു പിന്നിലുണ്ട്. മഠത്തിലെ ജീവിതം അതുവരെ ഉണ്ടായിരുന്ന നതാലിയയുടെ ജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. അവിടെയവള്‍ക്ക് നേരിടേണ്ടി വരുന്നതു പലവിധ പ്രശ്‌നങ്ങളാണ്.  ജീവിതത്തിന്റെ സ്വാതന്ത്ര്യബോധം അനുഭവിച്ചു വളര്‍ന്നിരുന്ന നതാലിയയെ സംബന്ധിച്ച് മഠത്തിലെ ചിട്ടകളും നിയന്ത്രണങ്ങളും അംഗീകരിക്കാനും സഹിക്കാനും പറ്റാത്തതായിരുന്നു. പൊരുത്തപ്പെടാനാവാത്ത സാഹചര്യങ്ങളോടുള്ള ഒരു പെണ്‍കുട്ടിയുടെ പ്രതികരണങ്ങളാണ് നാടകം യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്. പറവൂർ പബ്ലിക് ലൈബ്രറി- നെയ്തൽ നാടക സംഘമാണ് കക്കുകളി രംഗത്ത് അവതരിപ്പിക്കുന്നത്.

കക്കുകളി നാടകം ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്നതാണെന്നും നാടകം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി.ബി.സി പ്രസിഡണ്ട് കർദ്ദിനാൽ മാർ ക്ലിമിസ് ബാവയും, കർദ്ദിനാൽ മാർ ബസേലിയോസും രംഗത്ത് വന്നിരുന്നു. നാടകത്തിനെതിരെ തൃശൂർ, തലശേരി അതിരൂപതകൾ സർക്കുലർ ഇറക്കിയിരുന്നു.

എന്നാൽ ഈ നാടകത്തില്‍ ക്രിസ്തീയതയെയോ, ക്രിസ്തുവിനെയോ, ബൈബിളിനെയോ ഒന്നിനെയും വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞിട്ടുള്ളത്, സഭയ്ക്ക് അകത്തുള്ള ചില മോശം പ്രവണതകളെക്കുറിച്ചാണെന്നും അതും തികച്ചും ആരോഗ്യപരമായ വിമര്‍ശനമാണെന്ന് നാടകത്തിൻ്റെ സംവിധായകൻ ജോബ് മഠത്തിൽ പറഞ്ഞു.

No comments