Breaking News

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലഹരിയടിച്ച്‌ 
പരാക്രമം: യുവാവിനെ പോലീസ് പിടികൂടി

കാസർകോട് : ലഹരിമൂത്ത്‌ കാസർകോട്‌ പഴയബസ്‌സ്‌റ്റാൻഡ്‌ മാർക്കറ്റിലും ജനറൽ ആശുപത്രിയിലും പരാക്രമം കാട്ടിയ യുവാവിനെ പൊലീസ്‌ പിടികൂടി. പഴയ ബസ് സ്റ്റാൻഡ് മാർക്കറ്റിലെ വ്യാപാരി തളങ്കര സ്വദേശി അബൂബക്കറിനെ കുത്തിയ ആലംപാടി സ്വദേശി ഉമറുൽ ഫാറൂഖി(35)നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ്‌ ആശുപത്രിയിൽ പോയ അബൂബക്കറിനെ പിൻതുടർന്ന് ജനറൽ ആശുപത്രിയിലെത്തിയ പ്രതിയെ പൊലീസ് ബലംപ്രയോഗിച്ചാണ്‌ കീഴ്‌പ്പെടുത്തിയത്‌. വ്യാഴാഴ്ച പകൽ 11-ഓടെയായിരുന്നു സംഭവം. കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുത്തേറ്റ അബൂബക്കറിന്റെ മകന് മാർക്കറ്റിലെ പഴം വ്യാപാരി കാശ് നൽകാനുണ്ടായിരുന്നു. അത് ചോദിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഫാറൂഖ് സമീപത്തെ കടയിലെ കത്തിയെടുത്ത് അബൂബക്കറിനെ കുത്തിയത്. കത്തിവീശുന്നതുകണ്ട് ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. നെറ്റിക്കാണ്‌ അബൂബക്കറിന് പരിക്കേറ്റത്. തുടർന്ന് അബൂബക്കർ ജനറൽ ആശുത്രിയിൽ ചികിത്സ തേടി. അതറിഞ്ഞ ഫാറൂഖ് ഓട്ടോ പിടിച്ച് ജനറൽ ആശുപത്രിയിലേക്ക് പോകും വഴി പോലീസ് വാഹനം ശ്രദ്ധയിൽപ്പെടുകയും ഓട്ടോയിൽ നിന്നിറങ്ങി ആശുപത്രി വളപ്പിലേക്ക് ഓടിക്കയറുകയുമായിരുന്നു. പിന്തുടർന്ന പോലീസ് സംഘം ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് കടക്കും മുമ്പ്‌ ഫാറൂഖിനെ വളഞ്ഞു. അക്രമാസക്തനായ ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. തുടർന്നാണ് മാർക്കറ്റിൽ ഒരാളെ കുത്തിയ വിവരം പൊലീസ് അറിയുന്നതും.
2014-ൽ പൊലീസിനെ അക്രമിച്ചകേസിൽ പ്രതിയാണ് ഫാറൂഖ്. നിരന്തരം കേസുകളിൽ പ്രതിയാകുന്ന ഫാറൂഖ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ പൊലീസ് മുൻകൈയെടുത്ത് ഒരു മാസം മുമ്പ്‌ ഇയാളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം അവിടുന്ന് മടങ്ങിയെത്തിയശേഷമാണ് വീണ്ടും പരാക്രമം.


No comments