Breaking News

ഗാനമേളക്കായി പണം പിരിച്ച് 
 മുങ്ങി ഇവന്റ്‌ മാനേജ്‌മെന്റ്‌ അംഗങ്ങളായ ഇരിട്ടി സ്വദേശികൾ സൗജന്യമായി പാടി കണ്ണൂർ ഷെരീഫും സംഘവും


തൃക്കരിപ്പൂർ : ഇളമ്പച്ചി മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘മെഹ്‌ഫിൽ നിലാവ്‘ മെഗാ ഇവന്റിനായി പിരിച്ച തുകയുമായി മുങ്ങിയവരെ കണ്ടത്താനായില്ല. ഇവന്റ്‌ മാനേജ്‌മെന്റ്‌ ടീമിലെ കണ്ണൂർ ഇരിട്ടി സ്വദേശികളായ കെ നസീർ, പി വി സിറാജുദ്ദീൻ എന്നിവരാണ് പിരിച്ചെടുത്ത തുകയുമായി മുങ്ങിയതെന്ന്‌ സംഘാടകർ ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
കലാപരിപാടി അവതരിപ്പിക്കാനായെത്തിയ കണ്ണൂർ ഷെരീഫ്, റഹന, കൊല്ലം ഷാഫി ഉൾപ്പെടെ 12 ഓളം കലാകാരന്മാരും തൃശൂരിൽനിന്നുള്ള നൃത്തസംഘവും ഉൾപ്പെടെ 60 പേരാണ് പ്രതിഫലം ലഭിക്കാതെ നിരാശരായത്. വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു നാടകീയരംഗങ്ങൾ.
മാസങ്ങളായി ഓൺലൈനിലും സമൂഹ മാധ്യമങ്ങൾ വഴിയും എട്ടുലക്ഷത്തിന്റെ ടിക്കറ്റ് വിൽപ്പന നടത്തിയതായി സംഘാടകർ പറഞ്ഞു. രാത്രി എട്ടുവരെ ഗേറ്റ് കലക്‌ഷനും നടത്തിക്കിട്ടിയ സംഖ്യയുമായാണ്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ ടീമിലെ രണ്ടുപേർ മുങ്ങിയത്‌.
ഏറെ വൈകിയിട്ടും പരിപാടി തുടങ്ങാത്തതിനാൽ കാണികൾ ബഹളംവച്ചു. ഒടുവിൽ സ്ക്രീനിൽ തുകയുമായി മുങ്ങിയവരുടെ ഫോട്ടോ പ്രദർശിപ്പിച്ചു. ഈ പരിപാടിക്കായി സ്വരൂപിച്ച എട്ടുലക്ഷം രൂപയുമായി ഇവർ മുങ്ങിയിട്ടുണ്ടന്നും കാണികളായ നിങ്ങളാണ് കലാകാരന്മാരുടെ സമ്പത്ത്, നിങ്ങളെ ഞങ്ങൾ നിരാശപ്പെടുത്തുന്നില്ലെന്ന്‌ പറഞ്ഞാണ്‌ പ്രതിഫലമില്ലാതെ കലാകാരന്മാർ പരിപാടി അവതരിപ്പിച്ചത്‌.

ഏറെ പ്രയാസമുണ്ടാക്കി
മൂന്നുപതിറ്റാണ്ടിന്റെ കലാജീവിതത്തിനിടയിൽ കൈപ്പേറിയ അനുഭവങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും തൃക്കരിപ്പൂരിലുണ്ടായത് പ്രയാസമുണ്ടാക്കിയെന്ന്‌ കണ്ണൂർ ഷെരീഫ്. പല വേദികളിൽനിന്നും പാതിവഴിയിൽ ഇറങ്ങിപ്പോവേണ്ടി വന്നിട്ടുണ്ട്. കലാസ്വാദനത്തിന് എത്തിയ ആയിരത്തോളം പേർ മണിക്കൂറോളം കാത്തിരിന്നിട്ടും കൂവലോ ബഹളമോ ഇല്ലാതെ കാത്തുനിന്നു. ഓരോ പാട്ടിനും കെെയടിയോടെ സ്വീകരിച്ചു. ഇവന്റ് മാനേജ്മെന്റ് ടീം മുങ്ങിയെന്നറിഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും കാണികളുടെ പിന്തുണ കൂടുതൽ വേറിട്ടനുഭവമായി.
കണ്ണൂർ ഷെരീഫ്


No comments