Breaking News

അഖിലക്കെതിരായ പൊലീസ് കള്ളക്കേസ്; ശക്തമായ വിയോജിപ്പുമായി മാധ്യമ ലോകം


തിരുവനന്തപുരം: അഖിലക്കെതിരായ പൊലീസ് കള്ളക്കേസിൽ ശക്തമായ വിയോജിപ്പുമായി മാധ്യമ ലോകം. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ പൊലീസ് കേസെടുത്ത സർക്കാർ നിലപാടിനെ വിമർശിച്ച് രം​ഗത്തെത്തി. പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യ ഭീഷണി പാർട്ടിക്കുള്ളിൽ മതി. ഇത് ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് മലയാള മനോരമയുടെ മുഖപ്രസം​ഗത്തിൽ പറയുന്നു


സമ​ഗ്രാധിപത്യത്തിന്റെ ലക്ഷണം പ്രകടമാവുന്നുവെന്ന് മാതൃഭൂമി പറഞ്ഞു. സർക്കാരിന്റെ മാധ്യമ വിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു മാതൃഭൂമിയുടെ വിമർശനം. സർക്കാർ വീഴ്ച്ചകൾക്ക് പിഴയിടേണ്ടത് മാധ്യമങ്ങൾക്കല്ലെന്ന് മാധ്യമം അഭിപ്രായപ്പെട്ടു. അഖിലക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള കൗമുദിയും പറഞ്ഞു. അഖിലക്കെതിരായ കള്ളക്കേസിൽ ദേശീയ മാധ്യമങ്ങളും വിമർശനവുമായി എത്തിയിട്ടുണ്ട്. 


എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോ‍ർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോ‍ർട്ടർ അഖില നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തൽസമയ വാർത്താ റിപ്പോർട്ടിങ്ങിന്‍റെ പേരിൽ റിപ്പോർട്ടറെ ഗൂഡാലോചനാക്കേസിൽ പ്രതിചേ‍ർത്തത് കേട്ടുകേൾവിയില്ലാത്തതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. എന്നാൽ സർക്കാരിനേയും എസ് എഫ് ഐയേയും വിമർശിച്ചാൽ ആർക്കെതിരെയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഇടതുകേന്ദ്രങ്ങൾ. ഇതിനിടെ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരനായ പി എം ആർഷോയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയും എടുത്തു.

No comments