കോടോം ബേളൂർ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ 4.26 കോടിയുടെ പദ്ധതി
അട്ടേങ്ങാനം : നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കോടോം ബേളൂർ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിലെ 19 ഊരുകളിൽ നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിക്ക് തുടക്കമായി . സെന്റർ ഫോർ റിസർച്ച് ആൻറ് ഡവലപ്മെന്റിനാണ് നിർവഹണ ചുമതല. ബഡൂർ, തൊട്ടിലായി, വേങ്ങച്ചേരി, തുമ്പകുന്ന്, ഉരുട്ടിക്കുന്ന്, എണ്ണപ്പാറ, കുറ്റിയടുക്കം, കുഴിക്കോൽ, പനയാർക്കുന്ന്, പാൽക്കുളം, സർക്കാരി, മാണിയൂർ, കോളിയാർ, എർലാൽ ,കൂളിമാവ്, ക്ളീനിപ്പാറ, ചീരോൽ, ഏറാൻകുന്ന്, മീർക്കാനം ഊരുകളിലെ 500 കുടുംബങ്ങളെ ഉൾപ്പെടുത്തി അഞ്ചുവർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 4,26,22,910 രൂപ ആകെ പദ്ധതിചെലവ് കണക്കാക്കിയതിൽ 3,24,91,992 രൂപ നബാർഡ് ഗ്രാന്റായും ബാക്കി തുക കുടുംബങ്ങളുടെ വിഹിതമായും ബാങ്ക് വായ്പയായും പദ്ധതി സംയോജനത്തിലൂടെയുമാണ് കണ്ടെത്തുന്നത്.
തെങ്ങ് , കമുക് , കശുമാവ് , കുരുമുളക് , വിവിധ ഫല വൃക്ഷങ്ങൾ , ഇടവിളയായി മഞ്ഞൾ, ചേന കൃഷി എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ആട് വളർത്തൽ, തേനീച്ച കൃഷി , ജൈവ വളം, ഡോളോമൈറ്റ് വിതരണം, വനിതാ തയ്യൽ യുണിറ്റ്, കോഴിഫാം, ഡിന്നർസെറ്റ് , കൊട്ടമെടയൽ, ആദിവാസി കലാ , കരകൗശല പ്രോത്സാഹന പ്രവർത്തനങ്ങൾ , ആദിവാസി മാർക്കറ്റിങ് കോംപ്ലക്സ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും .
നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി ഗോപകുമാരൻ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ അധ്യക്ഷനായി. എം വി ജഗന്നാഥൻ, ഇ ബാലകൃഷ്ണൻ, രാജീവൻ ചീരോൽ, കെ ബി ദിവ്യ , കെ മധുസൂദനൻ, കെ വി ഹരിത, കെ എൽ ബിജു , എം രമേശൻ. എന്നിവർ സംസാരിച്ചു. ഡോ. സി ശശികുമാർ സ്വാഗതവും പത്മനാഭൻ നന്ദിയുംപറഞ്ഞു.
No comments