Breaking News

ചായ്യോം നരിമാളത്തെത്തിയാൽ കാണാം രൂപേഷ് തീർത്തൊരു മറ്റൊരു തെയ്യക്കാലം

ചായ്യോം : കളിയാട്ട സ്ഥലത്തെത്തിയ കാഴ്‌ചയാണിപ്പോൾ ചായ്യോം നരിമാളം പുതിയപുരയിൽ രൂപേഷിന്റെ വീട്ടിലെത്തിയാൽ. എങ്ങും തെയ്യച്ചമയങ്ങൾ കാർഡ്‌ബോഡിൽ ഉണ്ടാക്കിവച്ചിരിക്കുന്നു. മറ്റൊരിടത്ത്‌ ഏകാഗ്രതയോടെ തെയ്യരൂപത്തിന്റെ മുഖത്തെഴുത്ത്‌ പൂർത്തിയാക്കുകയാണ്‌ രൂപേഷ്‌.
വേനലവധിക്കാലം വിദ്യാർഥികൾ പലരും പലരീതിയിലാണ് ചിലവഴിച്ചതെങ്കിൽ ചായ്യോത്ത്‌ ഗവ. ഹയർസെക്കൻഡറിയിലെ എട്ടാംതരം വിദ്യാർഥിയായ രൂപേഷ് ജീവൻ തുടിക്കുന്ന തെയ്യരൂപങ്ങൾ നിർമിക്കുകയായിരുന്നു. എട്ടോളം രൂപങ്ങൾ നിർമിച്ചുകഴിഞ്ഞു. തെയ്യങ്ങളെക്കുറിച്ചുള്ള വിവിധ പുസ്‌തകങ്ങളും വായിച്ചു.
ഫര്‍ണിച്ചര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്‍ഡ് ബോര്‍ഡിന്റെ ഉപയോഗശൂന്യമായ കഷണങ്ങള്‍ ശേഖരിച്ച്‌ വാട്ടര്‍ കളര്‍, പശ എന്നിവ ഉപയോഗിച്ചാണ്രൂപങ്ങൾ നിർമിച്ചത്. തിരുവപ്പന, മുത്തപ്പന്‍ വെള്ളാട്ടം, ബാലിത്തെയ്യം, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, തട്ടാന്‍കുടി തുടങ്ങിയ കോലങ്ങളാണ് പൂർത്തിയാക്കിയത്‌. ഒന്നോരണ്ടോ ദിവസമെടുത്താണ് ഒരോരൂപങ്ങളും ഉണ്ടാക്കിയെടുത്തത്.
നരിമാളത്തെ പി പി സന്തോഷിന്റെയും വൈ പ്രീതിയുടേയും മകനാണ് രുപേഷ്. എസ്‌എസ്‌എൽസി വിജയിച്ച സഹോദരൻ പ്രിയേഷും ചിത്രകാരനാണ്.



No comments