ചെറുവത്തൂർ തിമിരിയിൽ ഗൃഹനാഥന്റെ ചുണ്ടുകൾ തെരുവുനായ കടിച്ചുപറിച്ചു
ചെറുവത്തൂർ: കോഴികൾ കരയുന്നത് കേട്ട് നോക്കാൻ ചെന്ന ഗൃഹനാഥന്റെ ചുണ്ടുകൾ തെരുവുനായ കടിച്ചു പറിച്ചു. തിമിരി കുതിരഞ്ചാൽ കെകെ കുഴിയിൽ പരേതനായ നാരായണന്റെ മകൻ കെ.കെ.മധുവിന്റെ(50) ചുണ്ടുകളാണ് തെരുവുനായ കടിച്ചുപറിച്ചത്. ഇന്നലെയാണ് സംഭവം. വീട്ടു മുറ്റത്തെ കൂട്ടിൽ നിന്നും കോഴികൾ കരയുന്ന ശബ്ദം കേട്ട് നോക്കാൻ ചെന്നപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. മധുവിന്റെ ചുണ്ടുകൾ തെരുവുനായ കടിച്ചുപറിച്ചു.മുഖത്തും കടിയേറ്റു. ചുണ്ടിന് ആഴത്തിൽ മുറിവേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിമിരിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ വഴിനടക്കാൻ ഭയക്കുകയാണ്. തെരുവുനായ ശല്ല്യം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ തയ്യാറായില്ല. വീട്ടുമുറ്റത്തുനിന്നും ഗൃഹ നാഥന് തെരുവുനായയുടെ കടിയേറ്റതോടെ നാട്ടുകാരിൽ ഭീതി വർദ്ധിച്ചിരിക്കുകയാണ്. സ്കൂളിലും അംഗൺവാടിയിലും മറ്റും കുട്ടികളെ അയക്കാൻ പോലും രക്ഷിതാക്കൾ ഭയക്കുകയാണ്.
No comments