Breaking News

ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അംഗീകാരം ഡിവൈഎഫ്ഐക്ക് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ)യാണ് രണ്ടാമത് ഉള്ളത്


കാസർകോട്‌ : ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അംഗീകാരം ഡിവൈഎഫ്ഐക്ക്‌. ജില്ലയിലെ രണ്ട് രക്ത ബാങ്കുകളിലായി 2437 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്ഐ നൽകിയത്. 1857 യൂണിറ്റ് രക്തം നൽകിയ ബ്ലഡ് ഡോണേഴ്സ് കേരളയാണ് (ബിഡികെ) രണ്ടാമത്.
കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ഡിവൈഎഫ്ഐ - 1815, ബിഡികെ - 831, കാസർകോട് ജനറൽ ആശുപത്രി ബിഡികെ - 1026, ഡിവൈഎഫ്ഐ - 622 യൂണിറ്റ് രക്തം നൽകിയതായി ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ഏറ്റവും കൂടുതൽ രക്തം നൽകിയ സംഘടനക്കുള്ള അവാർഡ് നഗരസഭ ചെയർപേഴ്സൺ കെ വി സുജാതയിൽ നിന്നും ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഏറ്റുവാങ്ങി.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ 'വിശപ്പിന് ഭക്ഷണം, ജീവനു രക്തം' മുദ്രാവാക്യവുമായി ഓരോ ബ്ലോക്കുകളിലും രക്തദാനസേനകൾ പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ ആറുക്യാമ്പാണ് ഡിവൈഎഫ്ഐ രക്തദാനസേനയായ ഐ ഡൊണേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ തീയതി ക്രമീകരിച്ച് പ്രവർത്തകർ രക്തം നൽകാനെത്തും. രക്തസാക്ഷി ദിനാചരണങ്ങളിലും രക്തം നൽകും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിൽ തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, എളേരി, കാഞ്ഞങ്ങാട്, പനത്തടി ബ്ലോക്കുകളും കാസർകോട് ജനറൽ ആശുപത്രി രക്തബാങ്കിൽ ഉദുമ, ബേഡകം, കാറഡുക്ക, കാസർകോട്, കുമ്പള, മഞ്ചേശ്വരം, ബ്ലോക്കുകളും രക്തം നൽകുന്നു. കൂടാതെ അവശ്യ ഘട്ടങ്ങളിൽ ജില്ലയിലെയും മംഗളൂരുവിലെയും ആശുപത്രികളിലേക്ക് ഒറ്റ ഫോൺകോളിലും പ്രവർത്തകർ ഓടിയെത്തുന്നു. ജില്ലയ്ക്ക് പുറത്ത് മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും അതത് പരിധിയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ മുഖേനയും രക്തം നൽകുന്നുണ്ട്‌.


No comments