കാഞ്ഞങ്ങാട് - പാണത്തൂർ കാണിയൂർ റെയിൽപാത അനുമതി ലഭ്യമാക്കാൻ ഇടപെടും: കർണാടക സ്പീക്കർ
കാഞ്ഞങ്ങാട് : ബംഗളൂരുവിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറക്കാൻ കഴിയുന്ന കാഞ്ഞങ്ങാട് –- -പാണത്തൂർ–- -കാണിയൂർ റെയിൽപാതയ്ക്ക് കർണ്ണാടക സർക്കാരിന്റെ പദ്ധതി വിഹിതം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് കർണാടക സ്‌പീക്കർ യു ടി ഖാദർ.
കാഞ്ഞങ്ങാട് നഗരവികസന കർമ്മസമിതി നേതൃത്വത്തിൽ ഭാരവാഹികൾ സ്പീക്കറെകണ്ട് സംസാരിക്കുകയായിരുന്നു . ജനറൽ കൺവീനർ സി യൂസഫ്ഹാജി, സി എ പീറ്റർ, ടി മുഹമ്മദ് അസ്ലം, ഡോ. ജോസ് കൊച്ചിക്കുന്നേൽ, രാജേന്ദ്രകുമാർ, ഡോ. ഷെയ്ക്ക് ബാവ എന്നിവർ മംഗ്‌ളൂരുവിൽവച്ചായിരുന്നു സ്‌പീക്കറുമായി സംസാരിച്ചത്.
കേന്ദ്ര മാനദണ്ഡപ്രകാരം പാതയുടെ പകുതിവിഹിതം വഹിക്കാൻ കേരള സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു. കർണ്ണാടക സർക്കാറിൽനിന്ന് അനുകൂലമായ തീരുമാനം ഇതേവരെ ഉണ്ടായിട്ടില്ല. ഇതേത്തുടർന്നാണ് കർണ്ണാടകയിൽ പുതുതായി അധികാരത്തിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകാനുള്ള തീരുമാനം കർമസമിതിയെടുത്തത്. അനുകൂലമായ തീരുമാനം കർണ്ണാടക സർക്കാരിൽ നിന്നുമുണ്ടാകുമെന്നാണ് കർമ്മസമിതിയുടെ പ്രത്യാശ.
സുള്ള്യയിലെ എംഎൽഎ ഭാഗീരഥി മുരള്യയുമായും കർമ്മസമിതി ഭാരവാഹികളായ എൻ എ രാമചന്ദ്ര, പി ബി സുധാകരറായ്, സൂര്യനാരായണഭട്ട്, അഡ്വ. എം വി ഭാസ്‌ക്കരൻ, ജോസ് കൊച്ചിക്കുന്നേൽ എന്നിവർ ചർച്ച ചെയ്‌തു.
കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യേയും മറ്റു മന്ത്രിമാരെയും കണ്ട് അടുത്തുതന്നെ കർമസമിതി നിവേദനം നൽകും.
No comments