Breaking News

വീട്ടുകാർക്കുതന്നെ വേണ്ട ആൽമഹത്യ ചെയ്യുന്നു കാസർകോട്‌ ബിവറേജിന്‌ സമീപത്തെ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി


കാസർകോട് : ‌മൊബൈൽ ടവറിന്‌ മുകളിൽകയറി യുവാവിന്റെ ആത്മഹത്യാഭീഷണി. തിരുവനന്തപുരം അരമനയിലെ ഉണ്ണി എന്ന സജിൻ പാലസ്‌ (34) ആണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ ആറരയോടെ കാസർകോട്‌ ബിവറേജിന്‌ സമീപമുള്ള ജിയോ മൊബൈലിന്റെ ടവറിൽ കയറിയത്‌. വീട്ടുകാർക്കുതന്നെ വേണ്ടെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നുമാണ്‌ ഇയാൾ വിളിച്ചുപറഞ്ഞത്‌.
വിവരമറിഞ്ഞെത്തിയ കാസർകോട്‌ ഇൻസ്‌പെക്ടർ പി അജിത്‌കുമാറിന്റെയും കാസർകോട്‌ അഗ്നിരക്ഷാസേന അസി. സ്‌റ്റേഷൻ ഓഫീസർ ടി സന്തോഷ്‌ കുമാറിന്റെയും നേതൃത്വത്തിൽ ടവറിനുചുറ്റും വലവിരിച്ച്‌ അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചു. അതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അനുനയിപ്പിക്കാനായി ടവറിൽ കയറിയപ്പോൾ ഇയാൾ മുകളിലേക്ക്‌ കയറി ഭീഷണി മുഴക്കി. തുടർന്ന്‌ ഉദ്യോഗസ്ഥർ താഴെയിറങ്ങി.
തടിച്ചുകൂടിയ നാട്ടുകാരിൽ ചിലർ ബിവറേജിൽനിന്നും വാങ്ങിയ മദ്യക്കുപ്പികൾ ഉയർത്തിക്കാട്ടി താഴെയിറങ്ങിയാൽ തരാമെന്ന്‌ പറഞ്ഞതോടെ സജിൻ പകുതിയോളം ഇറങ്ങി നിലയുറപ്പിച്ചു. തുടർന്ന്‌ പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ അനുരഞ്‌ജനത്തിനുശേഷം രാത്രി എട്ടോടെ ഇയാൾ താഴെയിറങ്ങി. പിന്നീട്‌ പൊലീസ്‌ വാഹനത്തിൽ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി.
വർഷങ്ങളായി കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ കറങ്ങിനടക്കുന്നയാളാണ് ഉണ്ണി. പലതവണ കർണാടക നിർമിത വിദേശമദ്യവുമായി ഇയാൾ പിടിയിലായിട്ടുണ്ട്‌. വ്യാഴാഴ്‌ച രാവിലെ പ്രദേശത്തെ ഒരു വീട്ടിലെത്തി കുഴപ്പമുണ്ടാക്കിയ ഇയാളെ കാസർകോട്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ചു.
പെരുന്നാളായതിനാൽ ഉച്ചയോടെ ബിരിയാണിയും കൊടുത്ത്‌ ഇനി കുഴപ്പമുണ്ടാക്കരുതെന്ന്‌ ഉപദേശിച്ച്‌ വിട്ടയച്ചതാണ്‌. ഇതിനുശേഷമാണ്‌ വൈകിട്ടോടെ ഇയാൾ ടവറിൽ കയറിയത്‌.


No comments