പകർച്ചപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്
കാസർഗോഡ് : മഴക്കാലാരംഭത്തോട് കൂടി പകർച്ചവ്യാധി വ്യാപനസാധ്യത മുൻകൂട്ടി കണ്ടു പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തി ആരോഗ്യവകുപ്പ് .ജില്ലാതലത്തിലും തദ്ദേശസ്വയംഭരണസ്ഥാപന തലത്തിലുള്ള ആരോഗ്യജാഗ്രത സമിതികളുടെ യോഗം നേരത്തെതന്നെ വിളിച്ചുചേർക്കുകയും വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയും ചെയ്യുന്നു.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ ആരംഭിക്കുകയും പ്രധാന ആശുപത്രികളിൽ പ്രത്യേക പനി വാർഡുകൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു.ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. ബ്ലീച്ചിംഗ്പൗഡർ,കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകൾ എന്നിവയും എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.
ലാബുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തു.
ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി സംഘടിപ്പിച്ചു വരുന്നു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പനി സർവ്വേ , ഉറവിട നശീകരണ പ്രവർത്തനങ്ങൾ,സ്പ്രേയിങ്, ഫോഗിങ് തുടങ്ങിയ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.എലിപ്പനി പ്രതിരോധത്തിന് ആവശ്യമായ ഡോക്സിസൈക്ലിൻ ഗുളികകളുടെ വിതരണം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രോഗവ്യാപന സാധ്യതയുള്ള ആളുകൾക്കിടയിലും പ്രദേശങ്ങളിലും വിതരണം ചെയ്തു വരുന്നു.
സംസ്ഥാന സർക്കാർ നിർദ്ദേശമനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി നിയോജകമണ്ഡലതലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം എംഎൽഎമാരുടെ നേതൃത്വത്തിൽ ജൂലൈ 3 ,4 ,8 തീയതികളിലായി വിളിച്ചത് ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്
.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി സംഘടിപ്പിക്കുകയാണെന്നും മുഴുവൻ ജനവിഭാഗങ്ങളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളോടും പ്രവർത്തനങ്ങളോടും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:എ വി രാംദാസ് അറിയിച്ചു.
No comments