മലയോരത്തെ യാത്രാ ക്ലേശം അടിയന്തരമായി പരിഹരിക്കണം ; ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ
വെള്ളരിക്കുണ്ട് : മലയോരത്തെ യാത്രാ ക്ലേശം അടിയന്തരമായി പരിഹരിക്കുവാൻ കെ.എസ്. ആർ.ടി സി അധികൃതരും ജനപ്രതിനിധികളും ഗതാഗതവകുപ്പ്മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ഉത്തര മലബാർ മലയോരപാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മലയോര ജനത ദീർഘകാലമായി ആശ്രയിച്ചിരുന്ന ലാഭകരമായി സർവ്വീസ് നടത്തിയിരുന്ന പല ബസ്സുകളും കോവിഡിന് ശേഷം നാടുണർന്നിട്ടും പുനരാരംഭിക്കാത്തത് മലയോരത്തോടുള്ള അവഗണനയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. മാലോം - വെള്ളരിക്കുണ്ട് - ഭീമനടി - കുന്നുംകൈ തുടങ്ങിയ മലയോര പ്രദേശവാസികൾ ട്രെയിൻ യാത്രക്ക് കോവിഡിന് മുൻപ് ആശ്രയിച്ചിരുന്ന കൊന്നക്കാട് നിന്നും രാവിലെ 5:50 ന് പുറപ്പെട്ടിരുന്ന സർവ്വീസ് , ഈ പ്രദേശങ്ങളിലെ ജനങ്ങൾ പയ്യന്നൂർ, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്തേക്ക് യാത്ര ചെയ്യുവാൻ ആശ്രയിച്ചിരുന്ന കൊന്നക്കാട് - പറശ്ശിനിക്കടവ് സർവ്വീസ്, ഒടയംച്ചാൽ - പരപ്പ - വെള്ളരിക്കുണ്ട് - മാലോം പ്രദേശത്തെ ജനങ്ങൾ ചെറുപുഴയിലെത്താൻ ആശ്രയിച്ചിരുന്ന വൈകിട്ടുള്ള കാഞ്ഞങ്ങാട് - കൊന്നക്കാട് - ചെറുപുഴ സർവ്വീസ് തുടങ്ങിയ സർവ്വീസ്കൾ ആരംഭിച്ച് മലയോരത്തെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപെപ്പട്ട് KSRTC അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പണി പൂർത്തിയായ മലയോരഹൈവേ യുടെ ഭാഗങ്ങളിലൂടെ ഇരിട്ടി , വയനാട്, നിലമ്പൂർ, താമരശ്ശേരി പ്രദേശങ്ങളിലേക്ക് ജനോപകാരപ്രദമായ സർവ്വീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി ക്ക് മാത്രമേ സാധിക്കുകയുള്ളു. കൊന്നക്കാട് - മാലോം തുടങ്ങിയ മലയോര ഗ്രാമങ്ങളുമായി ഏറെ ബന്ധമുള്ള ഈ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സർവ്വീസ് പോലും ഇല്ല എന്നത് മലയോര ഹൈവേയെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരോടും ഈ േദശത്തോടുമുള്ള കൊടിയ അവഗണനയാണ്. ഉച്ചയ്ക്ക് മുൻപ് മലയോര ഹൈവേ വഴി ബസ്സുകൾ വലിയ ഇടവേളയിൽ സർവ്വീസ് നടത്തുന്നത് സാധാരക്കാരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നു. രാവിലെ 9:50 നു ഉച്ചയ്ക്ക് 1 : 20 നും ഇടയിൽ ചെറുപുഴയ്ക്കും രാവിലെ 7:20 ന് ഉച്ചയ്ക്ക് 1:40 നും ഇടയിൽ ചെറുപുഴ നിന്നും മാലോം - കൊന്നക്കാട് പ്രദേശങ്ങളിൽ എത്താൻ ടാക്സി മാത്രമാണ് ജനങ്ങൾക്ക് ആശ്രയം
വൈകിട്ട് 6:50 ന് ശേഷം മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലും ഉൾഗ്രാമങ്ങളിലും എത്തിച്ചേരാൻ രാത്രി 8:15 വരെ നീലേശ്വരം ബസ് സ്റ്റാൻഡിൽ യാത്രക്കാർ കാത്തു നിൽക്കേണ്ട ഗതികേടിലാണ്. ഈ വലിയ ഇടവേളക്കിടയിൽ നീലേശ്വരത്ത് നിന്നുംഒരു സർവീസ് വെള്ളരിക്കുണ്ട് വഴി കൊന്നക്കാടേക്ക് ആരംഭിക്കണമെന്ന ആവശ്യത്തിന് മലയോര യാത്രാ ക്ലേശം പരിഹരിക്കാൻ സ്ഥാപിച്ച കാഞ്ഞങ്ങാട് സബ് ഡിപ്പോയേക്കാൾ പ്രായമുണ്ട്.
പണി പൂർത്തിയായ മലയോര ഹൈവേയുടെ ഭാഗങ്ങളിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുക ജനങ്ങളുടെ ആവശ്യം കണ്ടെത്തി കൂടുതൽ സർവ്വീസുകൾ ആരംഭിക്കുക , പുനരാരംഭിക്കാത്ത ജനകീയ സർവ്വീസുകൾ ഉടൻ ആരംഭിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് മലയോര ജനതയ്ക്കു വേണ്ടി ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്നത്.
No comments