മലയോരത്തുണ്ട് മഴയുടെ അളവ് പരിശോധിക്കാൻ ഒരാൾ 18 വർഷമായി മഴമാപിനിയിലൂടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വിവരങ്ങൾ നൽകുന്നത് വെസ്റ്റ്എളേരി മൗക്കോട്ടെ പി.വിജയൻ
വെള്ളരിക്കുണ്ട്: മഴയുടെ അളവ് നോക്കി കൃത്യമായി ദിവസവും അധികൃതരെ അറിയുക്കുന്ന കർഷകസംഘം നേതാവ് പൊതു പ്രവർത്തകർക്ക് മാതൃകയാകുന്നു. 18 വർഷമായി മഴ മാപിനിയിൽ നിന്ന് റീഡിങ് എടുത്ത് കാര്‍ഷിക കോളേജിൽ റിപ്പോർട്ട് ചെയ്യുന്ന മൗക്കോട്ടെ പി വിജയൻ ആണ് വ്യത്യസ്തനാകുന്നത്. 2005ൽ ആണ് അന്നത്തെ വെസ്റ്റ് എളേരി കൃഷി ഓഫീസർ (ഇപ്പോൾ അസിസ്റ്റന്റ് കൃഷി ഡയറക്ടർ) ഡി എൽ സുമയുടെ നിർദേശ പ്രകാരം പിലിക്കോട് കാര്‍ഷിക കോളേജ് അധികൃതർ മലയോരത്തെ മഴയുടെ അളവ് പരിശോധിക്കാൻ കർഷകസംഘം നേതാവായ മൗക്കോട്ടെ പി വിജയനെ ചുമതലപ്പെടുത്തുന്നത്. ഇതിനായി കാര്‍ഷിക കോളേജിൽ നടന്ന ചടങ്ങിൽ മഴ മാപിനി അന്നത്തെ എംഎൽഎ കെ കുഞ്ഞിരാമനിൽ നിന്ന് ഏറ്റുവാങ്ങി. മഴയുടെ റീഡിംങ് പരിശോധിക്കാനുള്ള പരിശീലനവും കോളേജ് അധികൃതർ നൽകി. തുടർന്ന് ഇന്നേവരെ ഒരു ദിവസം പോലും തെറ്റാതെ ഇത് തന്റെ ഉത്തരവാദിത്വമാണെന്ന കരുതലോടെ ഇന്നും വിവരങ്ങൾ നൽകിവരുന്നു.കഴിഞ്ഞ വർഷം വരെ ദിവസവും രാവിലെ 7.30നും വൈകിട്ട് 5.30നും ആയിരുന്നു വിവരം നൽകേണ്ടിയിരുന്നത്. ഇപ്പോൾ പകൽ 11.30ന് നൽകിയാൽ മതി. തന്റെ വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ തുറസ്സായ സ്ഥലത്താണ് മഴ മാപിനി സ്ഥാപിച്ചിട്ടുള്ളത്. അഞ്ച് ലിറ്റർ കൊള്ളുന്ന മാപിനിയും 20മില്ലീലിറ്റർ കൊള്ളുന്ന ഗ്ലാസും ആണ് സ്ഥാപിച്ചിട്ടുള്ളത്. പിലിക്കോട് കാര്‍ഷിക കോളേജിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർക്കാണ് ദിവസവും വിവരങ്ങൾ നൽകേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ നാട്ടിൽ ഇല്ലാതെ വന്നാൽ ഭാര്യ രുഗ്മിണിയാകും ഈ ജോലി ചെയ്യുക. അവരും ഇതിന് പരിശീലനം നേടിയിട്ടുണ്ട്. കർഷകസംഘം മൗക്കോട് വില്ലേജ് സെക്രട്ടറിയായ പി വിജയൻ ഔട്ടപ്പടവ്- മൗക്കോട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റും ആണ്.
No comments