Breaking News

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, കയ്യേറ്റം ചെയ്തത് പുറത്ത് നിന്നുള്ളവര്‍: നിര്‍മാതാവ്




കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂവിലൂടെ ശ്രദ്ധനേടിയ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമ കാണാതെ റിവ്യു പറഞ്ഞു എന്നാണ് സന്തോഷിനെതിരായ ആരോപണം. ഇപ്പോഴിതാ സംഭവത്തിൽ തങ്ങളുടെ ഭാ​ഗം വിശദീകരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവ് സംഗീത് ധര്‍മരാജന്‍.

സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് സംഗീത് ധര്‍മരാജന്‍ പറയുന്നു. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്തത് പുത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറയുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു നിർമാതാവ്. സന്തോഷ് വർക്കിയ്ക്ക് എതിരെ അണിയറ പ്രവർത്തകർ പരാതി കൊടുത്തിട്ടുണ്ട്.


"ഞങ്ങൾ അയാളെ കയ്യേറ്റം ചെയ്തിട്ടില്ല. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ചിത്രത്തിൽ അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവിലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു. അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്‍റെ അഭിപ്രായം. നെഗറ്റീവ് പറയാൻ ഉദ്ദേശിച്ചിട്ടില്ല, എന്നെകൊണ്ട് പറയിപ്പിച്ചതാണെന്നാണ് ആറാട്ടണ്ണന്‍ പിന്നീട് പറഞ്ഞത്. നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്", എന്നാണ് സംഗീത് ധര്‍മരാജന്‍ പറയുന്നത്.

സന്തോഷ് വര്‍ക്കി പത്ത് മിനിട്ട് പോലും ചിത്രം കണ്ടിട്ടില്ലെന്ന് സിനിമയുടെ സംവിധായകന്‍ വിജേഷ് പി വിജയന്‍ പറഞ്ഞു. 'നമ്മുടെ കൂട്ടത്തില്‍ നിന്നുള്ള ആളല്ല അയാളെ കയ്യേറ്റം ചെയ്തത്. ഇന്ദ്രന്‍സേട്ടനെ അനാവശ്യം പറയുന്നോ എന്ന് ചോദിച്ചാണ് അവര്‍ കയ്യേറ്റം ചെയ്തത്. പത്ത് മിനിറ്റ് പോലും അദ്ദേഹം സിനിമ കണ്ടിട്ടില്ല. രണ്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമ. ബ്രാഹ്മാണ്ഡ ചിത്രമൊന്നും അല്ല ഞങ്ങളുടേത്. ചെറിയ സിനിമയാണ്. ഇത്തരത്തിൽ എത്രയോ സിനിമകൾ ഡി​ഗ്രേഡിംസ് ചെയ്തിരിക്കുന്നു', എന്നാണ് വിജേഷ് പറയുന്നത്. 


കൊച്ചി വനിതവിനീത തിയറ്ററിൽ വച്ചാണ് സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത്. കാശ് വാങ്ങിയാണ് സന്തോഷ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. "എനിക്ക് പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെ കൊണ്ട് നിർബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണ്. ഞാൻ ആരേന്നും പൈസ വാങ്ങിയില്ല. അങ്ങനെ വാങ്ങിയിരുന്നേൽ ഞാൻ കോടീശ്വരൻ ആയേനെ", എന്നാണ് സന്തോഷ് വര്‍ക്കി സംഭവ ശേഷം പ്രതികരിച്ചിരുന്നത്. 

No comments