മൂളിയാറിൽ എംഡിഎംഎ നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ 2 പേർകൂടി പിടിയിൽ
ബോവിക്കാനം : എംഡിഎംഎ നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേരെക്കൂടി ആദൂർ പൊലീസ് അറസ്റ്റുചെയ്തു. കേസിലെ പ്രധാനപ്രതിയും ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റുമായ എസ് എം മുഹമ്മദ് കുഞ്ഞിയുടെ സഹായി തൈസീർ, പൊവ്വലിലെ മെഹ്‌റൂഫ് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്‌ച രാത്രിയോടെയാണ് ആദൂർ സിഐ എ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇരുവരും ലീഗ് പ്രവർത്തകരാണ്. ബംഗളുരു മടിവാള മാർക്കറ്റിന് സമീപമുള്ള ഹോട്ടലിൽ ഒരാഴ്ചയായി ഇവർ ഇവിടെ ഒളിവിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പൊവ്വലിൽ തെളിവെടുപ്പ് നടത്തിയശേഷം കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.
പിടിയിലായ തൈസീറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കുട്ടികൾക്ക് ലഹരി നൽകിയശേഷം പഞ്ചായത്ത് അംഗമായ എസ് എം മുഹമ്മദ് കുഞ്ഞിക്ക് എത്തിച്ചുനൽകി എന്നതാണ് പ്രധാന ആരോപണം. പൊലീസിന് മുന്നിൽ ലഭിച്ച രണ്ട് പരാതിയിലാണ് നാലുപേരുടെ അറസ്റ്റ് നടന്നത്. മെയ് 20 ന് പതിനഞ്ചുകാരൻ കാസർകോട് വനിതാസ്റ്റേഷനിൽ നൽകിയ കേസിൽ പ്രധാനപ്രതി മൂളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞി ഇപ്പോഴും ഒളിവിലാണ്. വ്യാഴാഴ്ച അറസ്റ്റിലായ മെഹറൂഫ് നിരവധികേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റുപ്രതികളായ മുഹമ്മദ് ഹനീഫ് (അനീച്ചു), അബ്ദുൽ ഷെഫീക് (അക്തർ) എന്നിവരെ നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ബംഗളൂരുവിൽനിന്ന് പ്രതികളെ അറസ്‌റ്റ് ചെയ്ത സംഘത്തിൽ സിഐയെ കൂടാതെ സിപിഒമാരായ അജയ് വിത്സൻ, സുരേഷ്, ഗുരുരാജ്, ഡ്രൈവർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.
No comments