കല്ലിൽ കമനീയ കലാരൂപങ്ങൾ തീർത്ത് ഒടയഞ്ചാലിലെ എഴുപത്തിയൊന്നുകാരൻ്റെ കരവിരുത്
ഒടയഞ്ചാൽ: ഒരു കല്ല് കണ്ടാൽ നമുക്ക് നിസാരമായി തോന്നാം, എന്നാൽ കല്ലിനേയും മനോഹര കലാസൃഷ്ടിയാക്കി മാറ്റാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ചക്കിട്ടടുക്കം സ്വദേശിയും ഒടയഞ്ചാലിലെ വ്യാപാരിയുമായ ശശിധരൻ. എഴുപത്തി ഒന്നാമത്തെ വയസിലും തൻ്റെ ഉള്ളിലുള്ള കലാവാസനകളെ കെടാതെ സൂക്ഷിക്കുകയാണ് ഇദ്ദേഹം. വ്യാപാരം കഴിഞ്ഞ് വീട്ടിൽ എത്തിയാൽ കിട്ടുന്ന സമയം കലയ്ക്ക് വേണ്ടി ചിലവഴിക്കുകയാണ് ശശിധരൻ. തീരെ ചെറിയ കല്ല് മുതൽ സാമാന്യം വലിപ്പമുള്ള കല്ലുകളിൽ വരെ ഇദ്ദേഹം ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുണ്ട്. കുഞ്ഞൻ കല്ലുകളിൽ വരയ്ക്കാൻ അതിസൂക്ഷ്മതയും ക്ഷമയും ആവശ്യമാണ്. അക്രിലിക് പെയിൻ്റ് ഉപയോഗിച്ചാണ് വരയ്ക്കുന്നത്.
ബന്ധുവീടായ പാലാവയലിൽ പോകുന്ന സമയത്ത് സമീപത്തുള്ള പുഴയിൽ നിന്നുമാണ് ശശിധരൻ വരയ്ക്കാനുള്ള കല്ലുകൾ ശേഖരിച്ച് കൊണ്ടുവരുന്നത്.
വെറുതെ ഒരു നേരം പോക്കിന് തുടങ്ങിയതാണെങ്കിലും ഇപ്പോൾ എൺപതോളം കല്ലുകകളിൽ തൻ്റെ കരവിരുത് തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ് ഈ കലാകാരൻ. കല്ലിൽ തീർത്ത വിസ്മയം കാണാണാൻ ഒട്ടേറെ ആളുകൾ ശശിധരൻ്റെ വീട്ടിലെത്തുന്നുണ്ട്.
കുറച്ച് കാലം മുമ്പ് പാഴ് വസ്തുക്കളിൽ നിന്ന് ദിനോസറിൻ്റെ രൂപം ഉണ്ടാക്കി ആളുകളുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ജുറാസിക് പാർക്ക് സിനിമ കണ്ടതാണ് ശശിധരന് ദിനോസർ രൂപങ്ങൾ ഉണ്ടാക്കാൻ പ്രചോദനം. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ആടിൻ്റെ വലിപ്പത്തിലുള്ള ദിനോസറുകളെ വരെ ഉണ്ടാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് ദുർഗ, കോടോത്ത്, രാജപുരം തുടങ്ങി ഒട്ടേറെ സ്കൂളുകളിൽ ദിനോസർ രൂപങ്ങൾ പ്രദർശനത്തിന് വച്ചിരുന്നു.
ഭാര്യയും രണ്ട് ആൺമക്കളും പേരമക്കളും ഒക്കെയായി കഴിയുന്ന ഈ എഴുപത്തി ഒന്നുകാരൻ്റെ കലാസപര്യയ്ക്ക് കുടുംബത്തിൽ നിന്നും പരിപൂർണ്ണ പിന്തുണയുണ്ട്.
റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്
No comments