പള്ളിക്കര റെയിൽവേ ഗേറ്റ് വീണ്ടും തകർന്നുവീണു ; ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ, വലഞ്ഞ് വാഹന യാത്രക്കാർ
നീലേശ്വരം : കണ്ണൂർ-കാസർകോട് ദേശീയപാതയിൽ പള്ളിക്കര റെയിൽവേ ഗേറ്റ് വീണ്ടും തകർന്നുവീണു. ചൊവ്വാഴ്ച രാവിലെ 7:10 ഓടെ ആണ് വാഹനമിടിച്ച് തകർന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താറുമാറായി. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഗേറ്റ് തകരുന്നതും വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും. തിങ്കളാഴ്ച അടഞ്ഞുകിടന്നത് പത്ത് മണിക്കൂർ. 24-മണിക്കൂറിനിടെ ഗുഡ്‌സ് ഉൾപ്പെടെ അൻപതോളം ട്രെയിനുകൾ കടന്നുപോകാൻ മാത്രം ആറുമണിക്കൂർ അടച്ചിടുന്നത് കൂടാതെ റെയിൽവേ ഗേറ്റ് തകരാറിലായതോടെ രാവിലെയും വൈകീട്ടുമായി നാലുമണിക്കൂറിലേറെ ദേശീയപാത അടച്ചിട്ടു. ഗേറ്റ് അടച്ചിട്ടതോടെ ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.
കുരുക്കിൽനിന്ന് രക്ഷപ്പെട്ട വാഹനങ്ങൾ കിലോമീറ്ററുകൾ വളഞ്ഞ് ചുറ്റി കോട്ടപ്പുറംവഴി നീലേശ്വരത്തേക്കും ചെറുവത്തൂരേക്കും തിരിഞ്ഞു.
ഗേറ്റ് തകാരാറായതോടെ തിങ്കളാഴ്ച രാവിലെ രണ്ടുമണിക്കൂറിലേറെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരുവിധം തകരാർ പരിഹരിച്ച് നാല് മണിക്കൂർ പിന്നിട്ടപ്പോഴേക്കും വൈകീട്ടോടെ വീണ്ടും ഗേറ്റിന് തകരാർ. പിന്നെയും മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി.
ഞായറാഴ്ച രാത്രി 7.30-ന് ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നതിനാൽ രാത്രി 9.30-വരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഓരാഴ്ചമുൻപും സമാനമായി ഗേറ്റിൽ പിക്കപ്പ് ഇടിച്ച് ഗതാഗതം മുടങ്ങിയതാണ്. റെയിൽവേ മേൽപ്പാലം ഗതാഗത സജ്ജമായിട്ടും തുറന്നു കൊടുക്കാത്തതിൽ വൻ പ്രതിഷേധം ആണുള്ളത്.
No comments