പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ സൗകര്യം അടിയന്തിരമായി പുന:സ്ഥാപിക്കണം ; ഗോത്രാവകാശ സംരക്ഷണ സമിതി. കണ്ണൂർ വിഭാഗ് സംയോജകൻ
കാസറഗോഡ് : ജില്ലയിലെ പട്ടികവർഗ്ഗ മേഖലയിലെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനായി മുൻ വർഷങ്ങളിൽ നടപ്പാക്കി വന്നിരുന്ന ഗോത്രവാഹിനി, ഗോത്ര സാരഥി പദ്ധതികൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഗോത്രാവകാശ സംരക്ഷണ സമിതി കണ്ണൂർ വിഭാഗ് സംയോജകൻ ഷിബു പാണത്തൂർ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷങ്ങളിൽ ആദ്യ പ്രവർത്തിദിവസം തന്നെ ഈ പദ്ധതിയിൽ പെടുത്തി കുട്ടികളെ വാഹനങ്ങളിൽ സ്കൂളുകളിൽ എത്തിച്ചിരുന്നു.എന്നാൽ അധ്യയനം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും ഇത് വരെ പദ്ധതി നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ കീഴിലെ ബളാൽ സ്കൂളിൽ ഉദ്ഘാടന പരിപാടി നടത്തിയെങ്കിലും മറ്റു സ്കൂളുകളിൽ ഇത് വരെ പദ്ധതി തുടങ്ങുവാൻ സാധിച്ചിട്ടില്ല.ഇത് മൂലം മലയോര മേഖലയിൽ നിന്നടക്കം പല കുട്ടികൾക്കും കിലോമീറ്ററുകൾ നടന്നാണ് സ്കൂളിൽ എത്തുന്നത്. യാത്രാ സൗകര്യത്തിൻ്റെ അപര്യാപ്തത മൂലം പല കുട്ടികളും സ്കൂളിൽ പോകാതെ വീടുകളിൽ തന്നെ കഴിയുന്നതായും വിവരമുണ്ട്. കഴിഞ്ഞ വർഷം വരെ ജില്ലാ പഞ്ചായത്തും, ഗ്രാമ പഞ്ചായത്തുകളുമായിരുന്നു ഈ പദ്ധതി നടപ്പാക്കിയിരുന്നതെങ്കിൽ ഈ വർഷം മുതൽ പട്ടികവർഗ്ഗ വികസന വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ സൗകര്യം അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഗോത്രാവകാശ സംരക്ഷണ സമിതി കണ്ണൂർ വിഭാഗ് സംയോജകൻ ഷിബു പാണത്തൂർ പറഞ്ഞു.
No comments