മഴക്കാല രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം
വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് വർധിച്ച് വരുന്ന മഴക്കാല രോഗങ്ങളെ മുൻപിൽ കണ്ട് വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ബളാൽ ടൗണിന് സമീപം രണ്ട് പേർക്ക് ഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. എന്നാൽ ബളാലിലും മറ്റ് സ്ഥലങ്ങളിലും നിലവിൽ രോഗ ബാധയുണ്ടാകാൻ സാധ്യത ഉള്ളതായി കൊതുക് സാന്ദ്രതാ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബളാൽ ടൗണിൽ രോഗ ബാധ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ തെർമ്മൽ ഫോഗിംഗ്, ഇൻഡോർ സ്പേസ് സ്പ്രേ എന്നിവ നടത്തി. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങൾ ഊർജ്ജിതമാക്കി. ബളാൽ ടൗണിൽ തന്നെയുള്ള ഹൈസ്കൂളിൽ ഡങ്കിപ്പനി ബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സ്കൂളിലും പരിസരത്തും തെർമൽ ഫോഗിംഗ് നടത്തുകയുണ്ടായി. ബളാൽ പഞ്ചായത്തിൽ അടിയന്തിരമായി വിവിധ വകുപ്പുകളുടെ മീറ്റിംഗ് നടത്തി. പനി ബാധിതരുടെ വിവരങ്ങൾ സ്ഥാപന മേധാവികളും വീട്ടുടമസ്ഥരും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് വൈസ് പ്രസിഡന്റ് രാധാമണി എം അറിയിച്ചു. എലിപ്പനി സംബന്ധിച്ച് തൊഴിലുറപ് മേറ്റ് മാർക്കുള്ള പരിശീലനവും ഡോക്സി സൈക്ലിൻ ഗുളികവിതരണവും ജൂൺ 29 ന് മാലോം, ബളാൽ എന്നിവിടങ്ങളിൽ നടക്കും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പനി ബാധിതർക്ക് ആവശ്യമായ എല്ലാ സൗകര്യങളും ഒരുക്കിയിട്ടുണ്ട് എന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അറിയിച്ചിട്ടുണ്ട്. ആറു മണി വരെ ഓ പി പ്രവർത്തിക്കുന്നതിനായി ബ്ളോക്ക് പഞ്ചായത്ത് ഒരു ഡോക്ടറെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി യുടെ നേതൃത്വത്തിൽ പ്രൈവറ്റ് ആശുപത്രികൾ, ലാബുകൾ, ദന്താശുപത്രികൾ തുടങ്ങിയവയിൽ ആരോഗ്യ പരിശോധന നടന്നു വരുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് പ്രതിരോധ പ്രവർത്തനവും ചികിത്സാ സൗകര്യവും ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പാടത്തും പറമ്പിലും പണിയെടുക്കുന്നവർ എലിപ്പനി രോഗത്തെ കുറിച്ച് വ്യക്തമായി അറിയുകയും പ്രതിരോധ ഗുളിക കഴിക്കുകയും വേണം. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച തോട്ടങ്ങളിലും വീടുകളിലും ഡ്രൈ ഡേ ആചരിച്ചു ഉറവിട നശീകരണം നടത്തണം. ചൊവ്വാഴ്ച അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക മെഡിക്കൽ ക്യാമ്പ് ബളാൽ കൊന്നനം കാട് ക്വാറിയിൽ നടക്കും.
No comments