Breaking News

ഇനി 'വിജയാ'ധിപത്യം; സൽമാനെയും ഷാരൂഖിനെയും പിന്നിലാക്കി വിജയ്‌യുടെ പ്രതിഫലം



ഇന്ത്യൻ സിനിമയിൽ ബോളിവുഡിന്റെ ആധിപത്യം തകരുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെ പ്രാദേശിക ഭാഷകളിലെ സിനിമകൾക്ക് ലോകത്താകമാനം ലഭിച്ച സ്വീകാര്യതയാണ് പ്രധാന കാരണം. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനുമുൾപ്പടെയായിരുന്നു മുൻ നിരയിലുണ്ടായിരുന്നത്. ഇവരെ പിന്നിലാക്കി തമിഴ് നടൻ വിജയ് ഒന്നാം സ്ഥാനത്തെത്തിയതായാണ് റിപ്പോർട്ട്.


'ദളപതി 68'ൽ അഭിനയിക്കാൻ 200 കോടി രൂപയ്ക്ക് കരാറായതായാണ് വിവരം. ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിൽ അഭിനയിക്കുകയാണ് വിജയ് ഇപ്പോൾ. ലിയോ പൂർത്തിയായ ശേഷം പുതിയ ചിത്രം ആരംഭിക്കും മുമ്പ് ചെറിയ ഇടവേളയെടുക്കാനാണ് താരത്തിന്റെ പദ്ധതി. റിപ്പോർട്ടുകൾ ശരിയെങ്കിൽ രാജ്യത്ത് 200 കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ താരമാകും വിജയ്.


വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായുള്ള അഭ്യൂഹങ്ങൾ സജീവമാണ്. ദളപതി 68 പൂർത്തിയായാൽ രാഷ്ട്രീയ പ്രവേശനം ഉണ്ടായേക്കാം. ഇത് മുന്നിൽ കണ്ട് അവസാന സിനിമ എന്ന നിലയിലാണ് ഈ തുക മുടക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

No comments