Breaking News

കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമം; പൊലീസുകാർ അറസ്റ്റിൽ



തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റിലായി. പൊലീസുകാരായ വിനീത്, കിരണ്‍ ഇവരുടെ സുഹൃത്തായ അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിനീതിനേയും അരുണിനേയും രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കിരണിനെ കുറിച്ച് വിവരം ലഭിച്ചത്.


പൊന്‍മുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കിരണ്‍. വിനീത് നിലവില്‍ സസ്‌പെന്‍ഷനിലാണ്. വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിനീതിനെ സസ്‌പെന്‍ഡ് ചെയ്തത്. ടൈല്‍സ് കട നടത്തി വിനീത് നഷ്ടത്തിലായിരുന്നു. സാമ്പത്തിക നഷ്ടം നികത്താനാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട മാര്‍ക്കറ്റ് ജംങ്ഷനില്‍ ഇലക്ട്രോണിക് കട നടത്തുന്ന മുജീബിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.


കട പൂട്ടി വീട്ടിലേക്ക് പോയ മുജീബിനെ പ്രതികള്‍ പിന്തുടര്‍ന്നിരുന്നു. പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ വാഹന പരിശോധനയ്‌ക്കെന്ന പേരില്‍ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തി. ശേഷം അക്രമികള്‍ മുജീബിന്റെ കാറില്‍ കയറി കയ്യില്‍ വിലങ്ങ് ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. മുജീബ് ബഹളമുണ്ടാക്കിയതോടെ പ്രതികള്‍ കടന്നുകളഞ്ഞു. ഇവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

No comments