കാസർഗോഡ് സീതാംഗോളി സ്വദേശി ക്രാസ്‌റ്റയുടെ കൊലപാതകം: അന്വേഷണം പുരോഗമിക്കുന്നു
കാസർകോട് : സീതാംഗോളി പീലിപ്പള്ളത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തിയത് അടുത്ത പരിചയത്തിലുള്ളയാളാവാൻ സാധ്യതയെന്ന നിഗമനത്തിൽ പൊലീസ്. 1994 മുതൽ ഭാര്യയും മക്കളുമായി വേർപിരിഞ്ഞ് താമസിക്കുന്ന കുഴക്കിണർ നിർമാണക്കരാറുകാരനായ തോമസ് ക്രാസ്‌റ്റയുടെ സാമ്പത്തിക സ്ഥിതി അറിയാവുന്നയാളായിരിക്കും കൊലപാതകത്തിനുപിന്നിലെന്നാണ് കരുതുന്നത്.
വീടിന് സമീപത്തെ കക്കൂസ് ടാങ്കിൽ ശനി രാത്രിയാണ് മൃതദേഹം കണ്ടത്. ഇയാളുടെകീഴിൽ ജോലി ചെയ്‌ത ഇതരസംസ്ഥാന തൊഴിലാളികളുടെ താൽക്കാലിക താമസസ്ഥലത്തിന് സമീപത്തെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ക്രാസ്‌റ്റയുടെ കഴുത്തിലുണ്ടായ അഞ്ചുപവൻ മാലയും നഷ്ടമായി. നാട്ടിൽ ആരുമായും അടുത്തിടപഴകാതിരുന്ന ഇയാളെക്കുറിച്ച് കൃത്യമായി അറിയുന്നയാൾ തന്നെയായിരിക്കും സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 18 വരെ തമിഴ്‌നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികൾ വീട്ടുപരിസരത്തെ ഷെഡിൽ താമസിച്ചിരുന്നു. ഇവരുടെ ഫോൺ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
വീടിന്റെ പിൻവാതിൽ തുറന്ന നിലയിലായിരുന്നു. മോഷണം നടത്തി കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കക്കൂസ് ടാങ്കിൽ കൊണ്ടിട്ടതായിരിക്കുമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. അടുക്കളഭാഗത്തെ വാതിലിൽനിന്ന് വിരലടയാളം ശേഖരിച്ചിട്ടുണ്ട്.
തലമുതൽ അരക്കെട്ടുവരെ ചാക്കിലും ബാക്കിഭാഗം കർട്ടൻ തുണിയിലും പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടിൽ പൂച്ചകളെയും പക്ഷികളെയും വളർത്തലായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന വിനോദം. ജോലികഴിഞ്ഞ് എത്തിയാൽ ഇവയെ പരിപാലിക്കുന്നത് കാണാമെന്ന് അയൽവാസികൾ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി പി കെ സുധാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. വിദ്യാനഗർ എസ്‌എച്ച്‌ഒ പി പ്രമോദിനാണ് അന്വേഷണച്ചുമതല.
No comments