Breaking News

14 കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അമ്പലത്തറ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു


അമ്പലത്തറ: 14 കാരിയായ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ കത്രികകൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമം തടയാൻ ശ്രമിച്ച പോലീസുകാരന്റെ കൈക്കും പരിക്കേറ്റു.

കാസർകോട് ഉളിയത്തടുക്കയിലെ മുഹമ്മദ് സാദിഖ് (21) ആണ് അമ്പലത്തറ പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് തടയാൻ ശ്രമിക്കുമ്പോൾ പോലീസുകാരനായ പ്രശാന്തിനും പരിക്കേറ്റു. ഇരുവരേയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടേയും പരിക്ക് ഗുരുതരമല്ലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ 14 കാരിയെ തട്ടിക്കൊണ്ടുപോയത്. യുവാവ് മോട്ടോർ ബൈക്കിൽ പെൺകുട്ടിയേയും കയറ്റികൊണ്ടു പോകുന്നതുകണ്ട് നാട്ടുകാർ ബൈക്ക് തടഞ്ഞുനിർത്തി അമ്പലത്തറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി യുവാവിനെയും പെൺകുട്ടിയേയും അമ്പലത്തറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി പെൺകുട്ടിയുടെ മൊഴിയെടുത്തു.

യുവാവ് തന്നെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് മുഹമ്മദ് സാദിഖിനെതിരെ പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ഇതിനിടയിലാണ് യുവാവ് പോലീസ് സ്റ്റേഷനിൽ ജിഡി ചാർജിന്റെ മേശപ്പുറത്തുണ്ടായിരുന്ന കത്രിക എടുത്ത് കഴുത്തിൽ കുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

No comments