Breaking News

ഭീമനടി ബസ്റ്റാൻ്റിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ബസുകൾക്ക് കയറിയിറങ്ങാൻ പെടാപ്പാട്


ഭീമനടി: ആർക്കും എപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഭീമനടിയിലെ പഞ്ചായത്ത് ബസ്സ്റ്റാൻഡ്. അന്തർ സംസ്ഥാന, ജില്ലാ സർവീസുകൾ അടക്കം നൂറിലധികം വാഹനങ്ങൾ നിത്യേന കയറിയിറങ്ങുന്ന ബസ്സ്റ്റാൻഡ് ഇപ്പോൾ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറി. ബസ്സ്റ്റാന്റിൽ തന്നെ പ്രവർത്തിക്കുന്ന ഗ്രാമീണ കോടതി (ഗ്രാമ ന്യായാലയ),ആയൂർവേദ ഡിസ്പെൻസറി എന്നിവയുടെ മുന്നിലാണ് ഈ വാഹനങ്ങൾ നിർത്തിയിടുന്നത്.കോടതിയിൽ കേസ് നടക്കുന്ന ദിവസം ആണെങ്കിൽ സ്റ്റാൻഡിൽ ബസ് കയറാൻ വളരെ ബുദ്ധിമുട്ട് ആണ്. ജഡ്ജിയുടെ വാഹനത്തിന് മാത്രമാണ് ബസ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ അവകാശം. എന്നാൽ ജഡ്ജിയുടെ വാഹനം കോടതി കെട്ടിടത്തിലാണ് നിർത്തിയിടുന്നത്. അതുകൊണ്ട് ബസ്സ്റ്റാൻഡിൽ ബുദ്ധിമുട്ട് ആവുന്നില്ല.എന്നാൽ കോടതിയിലെത്തുന്ന കക്ഷികളും, വക്കീലൻമാരും ,മറ്റ് ആളുകളും എല്ലാം വാഹനം പാർക്ക് ചെയ്യുന്നത് ബസ്സ്റ്റാൻഡിൽ ആണ്. ബസ്സ്റ്റാൻഡ് ആണെന്നുള്ള സാമാന്യധാരണപോലും കാണിക്കാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തി യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുകയാണ് ചെയ്യുന്നത്. കോടതിയും, ആശുപത്രിയും കൂടാതെ ബസ്റ്റാൻഡിനോട് ചേർന്നാണ് അക്ഷയ, ദന്തൽ ക്ലിനിക്ക്, പി എസ് സി കോച്ചിങ് സെന്റർ, ട്രൈബൽ ഓഫീസ്, എക്സൈസ് സർക്കിൾ ഓഫീസ്, നിരവധിയായ വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നത്.ഇവിടെയൊക്കെ എത്തുന്ന ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുന്നു. ഒരേ സമയത്ത് രണ്ടിലധികം ബസ്സുകൾ വന്നാൽ കയറിയിറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതിനിടയിലാണ് ഇപ്പോഴത്തെ അനധികൃത പാർക്കിംങ്. ഇവിടെ പാർക്കിങ് പാടില്ല എന്ന പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡിന് മുന്നിലാണ് വാഹനങ്ങളുടെ പാർക്കിങ്ങ് എന്നതും ഒരു വിരോധാഭാസമാകുന്നു. ആരോടാണ് പരാതി പറയേണ്ടത് ആരാണ് നടപടി എടുക്കേണ്ടത് എന്നറിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാരും, ബസ്സ് ജീവനക്കാരും.

No comments