മിഷൻ ഇംപോസിബിളിനെ നോളൻ ചിത്രം പൂട്ടുമോ?; 'ഓപ്പൺഹൈമർ' ഓപ്പണിങ് കളക്ഷൻ പ്രെഡിക്ഷൻ
ഇന്ത്യൻ ഹോളിവുഡ് സിനിമാ പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. പുതിയ നോളൻ ചിത്രം 'ഓപ്പൺഹൈമർ' ജൂലൈ 21ന് ഇന്ത്യയിലെ തിയേറ്ററുകളിലെത്തുമ്പോൾ കളക്ഷൻ പൊടിപൊടിക്കുമെന്ന സൂചനയാണ് പ്രീബുക്കിങ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിലിം ഫ്രാഞ്ചെെസുകളിലൊന്നാണ് മിഷൻ ഇംപോസിബിൾ. സീരീസിലെ ഏഴാം ഭാഗം ജൂലൈ 12നാണ് തിയേറ്ററുകളിലെത്തിയത്.
ആദ്യ ദിനം പത്ത് മുതൽ 15 കോടിവരെ ഓപ്പൺഹൈമർ നേടുമെന്നാണ് പ്രെഡിക്ഷൻ റിപ്പോർട്ടുകൾ. ഒരുലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്. മൗത്ത് പബ്ലിസിറ്റിയിൽ വാരാന്ത്യമാകുമ്പോഴേക്കും കളക്ഷൻ ആദ്യ ദിനത്തിലും ഇരട്ടിയാകാനാണ് സാധ്യത. അതേസമയം മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിംഗ് പാർട്ട് വൺ 12.50 കോടി രൂപയാണ് ആദ്യ ദിനം ഇന്ത്യൻ തിയേറ്ററുകളിൽ നിന്ന് നേടിയത്. താരതമ്യപ്പെടുത്തിയാൽ പ്രെഡിക്ഷൻ കണക്കുകൾ മിഷൻ ഇംപോസിബിളിനോളം എത്തിയിട്ടില്ലെങ്കിലും ഈ കണക്കുകളെ മറികടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഫ്രാഞ്ചൈസികളുള്ള ജനപ്രിയ സിനിമകൾക്ക് മാത്രം പുലർകാല ഷോകൾ ലഭിച്ചിരുന്ന രാജ്യത്ത് ഉയർന്ന പ്രീ ബുക്കിംഗ് നിരക്ക് കണക്കിലെടുത്ത് മൂന്ന് മണി മുതൽ പ്രധാന നഗരങ്ങളിൽ ഓപ്പൺഹൈമറിന് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ന്യൂക്ലിയർ സ്ഫോടനം യഥാർത്ഥമായി ചിത്രീകരിച്ചെന്നും വിഎഫ്എക്സ് സാധ്യതകൾ ഉപയോഗിച്ചില്ലെന്നും നോളൻ അടുത്തിടെ പറഞ്ഞു. കിലിയൻ മർഫി, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്.
No comments