Breaking News

എണ്ണപ്പാറ മലയാറ്റുകര ഊരിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്നു കരാറുകാരൻ്റെ അനാസ്ഥയെന്ന് നാട്ടുകാർ


തായന്നൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് റോഡ് നിർമ്മിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടും നാളിതു വരെ കരാറുകാൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ കാൽനടയാത്ര പോലും ദു:സഹമായതായി ഊരു നിവാസികൾ. എണ്ണപ്പാറ മലയാറ്റുകര ഊരിലെ  ആദിവാസികൾക്കാണ് ഇത്തരമൊരു ദുരവസ്ഥ.

 ഊരിലേക്ക് വരുന്നതും , ആനക്കുഴി റോഡിൽ നിന്ന് എണ്ണപ്പാറ വില്ലേജ് ഓഫീസിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്നതുമായ റോഡ് കുത്തനെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് ബാക്കി വരുന്ന ഒരു കിലോമീറ്റർ ദൂരം ടാറിംഗ് ചെയ്യണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലത്ത് ഈ റോഡ് 150 മീറ്റർ ആദ്യ ഘട്ടത്തിൽ കോൺക്രീറ്റ് ചെയ്യാൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. എഗ്രിമെന്റ് വെക്കാത്ത ഈ പ്രൊജക്ടും ഇതേ റോഡിലെ വേറെ ഒരു കയറ്റവും കോൺക്രീറ്റ് ചെയ്യാൻ നിലവിലെ ഭരണ സമിതി രണ്ട് പ്രവൃത്തികളിലായി ടെണ്ടർ ചെയ്ത് 2022 മെയ് മാസം കരാറുകാരന് വർക്ക് ഓർഡർ നൽകിയിരുന്നു.  നാലു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ വീതമുള്ള രണ്ട് വർക്കുകളാണ് നടത്തേണ്ടത്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനോട് അധികാരികൾ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ എണ്ണപ്പാറ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസ് ആദിവാസികൾ ഉപരോധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ അമ്പലത്തറ എസ്.ഐ യുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും രണ്ട് വർക്കുകളും ഒരാഴ്ചക്കകം നിർമ്മാണം തുടങ്ങണമെന്ന് കരാറുകാരനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും കരാറുകാരനായ എണ്ണപ്പാറ സ്വദേശി തീരുമാനങ്ങൾ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് സെപ്തംബർ 25 ന് ഊരിലെ യുവാക്കൾ കോൺട്രാക്ടറുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താൻ തീരുമാനിച്ച വിവരമറിഞ്ഞ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ രാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് കരാറുകാരൻ 5 ലോഡ് കരിങ്കൽ ജില്ലിയും എംസാന്റും ഇറക്കി. എന്നാൽ  ബാക്കി പ്രവൃത്തികൾ നടത്താൻ കരാറുകാരൻ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഊരിലെ അംഗങ്ങൾ പറയുന്നു. കഴിഞ്ഞ ജൂൺ 8 ന് ഓംബുഡ്സ്മാൻ സിറ്റിംഗിൽ എണ്ണപ്പാറ മലയാളുകര റോഡ് കോൺക്രീറ്റ് എത്രയും പെട്ടന്ന് ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു എങ്കിലും കരാറുകാരൻ മുഖവിലക്കെടുക്കുന്നില്ല എന്നാണ് ആക്ഷേപം. ഇതേ കരാറുകാരൻ ടെൻഡർ എടുത്ത എട്ടോളം വർക്കുകൾ തുടങ്ങാനുണ്ടെങ്കിലും ഇയാൾക്ക് തന്നെ വീണ്ടും ടെൻഡർ നൽകുന്നതിനെതിരെയും ആക്ഷേപമുണ്ട്.


 റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ആദിവാസികൾ തന്നെ ഈ റോഡ് ലെവൽ ചെയ്തിരുന്നു. കഴിഞ്ഞ മഴയിൽ റോഡ് മുഴുവനായി തകർന്നു. ക്യാൻസർ രോഗികളുൾപ്പടെ അഞ്ച് കിടപ്പു രോഗികൾ ഉള്ള ഊരിൽ റോഡില്ലാത്തതിനാൽ വലിയ പ്രയാസം നേരിടുകയാണ്. എത്രയും പെട്ടന്ന് റോഡ് കോൺക്രീറ്റ് ചെയ്യാത്ത പക്ഷം കടുത്ത സമര പരിപാടികൾക്ക് ഇറങ്ങുമെന്ന് എണ്ണപ്പാറ ഊര് നിവാസികൾ പറഞ്ഞു

No comments