Breaking News

വെള്ളരിക്കുണ്ട് അടക്കമുള്ള ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടുകളിലും സ്കൂളുകളിലും വിജിലൻസ്‌ പരിശോധന


കാസർകോട്‌ : മോട്ടോർ വാഹനവകുപ്പിന് കീഴിൽ കാസർകോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലുള്ള ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടുകളിലും ഡ്രൈവിങ്‌ സ്കൂളുകളിലും വിജിലൻസിന്റെ മിന്നൽപരിശോധന. കാഞ്ഞങ്ങാട് ഗുരുവനം ഗ്രൗണ്ടിൽ മാത്രമാണ് ടെസ്റ്റുണ്ടായിരുന്നത്. ടെസ്റ്റ് നടക്കുമ്പോൾ പൂർണമായും ക്യാമറയിൽ പകർത്തി സിഡിയായി സൂക്ഷിക്കണമെന്ന നിലവിലുള്ള വ്യവസ്ഥ പാലിക്കുന്നില്ലെന്ന്‌ കണ്ടെത്തി.
കാഞ്ഞങ്ങാടും കാസർകോടും വെള്ളരിക്കുണ്ടുമുള്ള ഡ്രൈവിങ്‌ സ്കൂളുകളിലും പരിശോധനനടത്തി. ലൈസൻസിന് അപേക്ഷിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ പാലിക്കാറില്ലെന്നും രജിസ്റ്ററുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.
ഡ്രൈവിങ്‌ പരിശീലനത്തിന്റെ ഭാഗമായി ലൈസൻസിലുള്ള ഇൻസ്ട്രക്ടർ സിഗ്നൽ, വാഹനങ്ങളുടെ യന്ത്രഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തിയറി ക്ലാസുകൾ നൽകണം. ഇതിന് പ്രത്യേകം ക്ലാസ്‌മുറിയും വേണം. ഇതൊന്നുമില്ലാത്ത സ്‌കൂളുകളും ജില്ലയിലുണ്ട്‌. ഇൻസ്ട്രക്ടർമാർ വരാറെയില്ല. ഇതിന്റെ ഫലമായി നിയമമറിയാതെ ഓടിക്കുന്ന ഡ്രൈവർമാർ വർധിക്കുകയാണ്‌. കൃത്യമായി പരിശീലനം നൽകാത്തത് പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തുന്നു.
മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥരാണ് സ്കൂളുകൾ പരിശോധിച്ച്‌ നടപടിയെടുക്കാത്തതിനാൽ അവർക്ക് തോന്നിയപോലെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും വ്യക്തമായി. ഫീസ് നിരക്കിൽ ഏകീകരണമില്ല. ഫീസ് വാങ്ങുന്നതിന് രസീത്‌ നൽകാറില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട്ടെ പരിശോധനയ്‌ക്ക്‌ വിജിലൻസ് ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ നായരും കാസർകോട്ട്‌ ഇൻസ്പെക്ടർ കെ സുനുമോനും വെള്ളരിക്കുണ്ടിൽ ഇൻസ്പെക്ടർ പി സുനിൽകുമാറും നേതൃത്വം നൽകി.


No comments