Breaking News

''ആരണ്യകത്തിൽ ആത്മീയത കണ്ടെത്തുന്ന മനുഷ്യൻ.." മലയോരംഫ്ലാഷ് 'എഴുത്തിടം' പരമ്പരയിൽ ഇന്ന് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ.എ നസീറിനെക്കുറിച്ച് പ്ലസ് ടു വിദ്യാർത്ഥി ലിയ ആൻ ബിയോയി കൂരാംകുണ്ട് എഴുതിയ അനുഭവക്കുറിപ്പ്


വെള്ളരിക്കുണ്ട്: കുട്ടി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ മലയോരം ഫ്ലാഷ് മീഡിയ, വെള്ളരിക്കുണ്ട് എൽ.സി.സി എജ്യുക്കേഷനുമായി ചേർന്ന് ആരംഭിച്ച 'എഴുത്തിടം' പംക്തിയിൽ ഇന്ന്  പ്ലസ് ടു വിദ്യാർത്ഥി ലിവ ആൻ ബിനോയി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ.എ നസീറിനെ കുറിച്ച് എഴുതിയ അനുഭവ കുറിപ്പാണ്.

പൂർണ്ണരൂപം വായിക്കാം:

"ചെറുപ്പത്തിൽ കഥകളിലൂടെ കാടിനെ കുറിച്ച് കേട്ട്, ഇഷ്ടപ്പെട്ട്, പിന്നീട് താൻ കേട്ട കഥകളിലെ ഹരിതഭംഗി തിരയാനായി കാടുകയറിയ കാടിന്റെ തോഴൻ. കാടാണ് തന്നെ താൻ ആക്കിയത് എന്ന് സമൂഹത്തോട് ആവർത്തിച്ചു പറയുകയാണ് ആ മനുഷ്യൻ. കാടിന്റെ ആത്മീയത എന്ന തലക്കെട്ട് നൽകിയ പരിപാടിയിൽ അതിഥിയായി എത്താൻ ഇദ്ദേഹത്തെക്കാൾ മികച്ചതായി ആരുണ്ട് എന്ന് ചോദിച്ചാൽ എനിക്കറിയില്ല, എൻ.എ നസീർ എനിക്ക് നിങ്ങളെ അറിയുമായിരുന്നത് പ്ലസ് വണ്ണിലെ വേരുകൾ നഷ്ടപ്പെട്ടവർ എന്ന കൃതിയിലെ കുറുവാ ദ്വീപിലെ വൃക്ഷങ്ങളുടെ ആഴ്ന്നിറങ്ങിയ വേരുകളുടെയും അവ കെട്ടിപ്പുണർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളുടെയും ഭംഗി ആസ്വദിക്കുകയും അത് തന്റെ തൂലികയിലേക്ക് പകർത്തി മറ്റുള്ളവരിലേക്ക് എത്തിച്ച  ഒരു എഴുത്തുകാരൻ എന്ന നിലയിലാണ്. പക്ഷേ  എഴുത്തും ക്യാമറയും ഒക്കെ താൻ കാലങ്ങളായി അനുഭവിക്കുന്ന കാടിന്റെ ആത്മീയത തന്നിൽ ഒതുങ്ങി പോകാതെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അതിലൂടെ കാടിനെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനുമുള്ള അങ്ങയുടെ ആയുധങ്ങളാണ് എന്ന് പിന്നിടാണ് ഞാൻ തിരിച്ചറിഞ്ഞത്.


               കാടിന്റെ വന്യതയിലേക്ക് അദ്ദേഹം ഓടിക്കയറിയത് എങ്ങനെയാണ് എന്നതിനെ കുറിച്ച് അറിയാൻ ഒരു വ്യഗ്രത എന്റെ ഉള്ളിൽ അദ്ദേഹവുമായി സംവദിക്കാൻ ഒരു അവസരം വരുന്നു എന്ന് കേട്ടത് മുതൽ ഉടലെടുത്തതാണ്. പിന്നീട് ആ അവസരത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ കാട്ടിലെ ബലവത്തായ ഒരു വൃക്ഷത്തോട് ഉപമിക്കാൻ ആണ് എനിക്ക് തോന്നിയത്. പേമാരിയിലും കാറ്റിലും ആടിയുലഞ്ഞാലും തളരാതെ വീഴാതെ ആഴ്ന്നിറങ്ങിയ വേരുകളുടെ ബലത്തിൽ നിൽക്കുന്ന ഒരു ഏകാകിയായ വൃക്ഷം. വൃക്ഷത്തിൽ കിളികൾ കൂടുകൂട്ടുന്നത് പോലെ തന്നെയാണ് താൻ ആകുന്ന വൃക്ഷത്തിലെ ചില്ലകളായ മറ്റുള്ളവരെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ചില്ലകളിൽ പക്ഷേ സ്ഥാനം പക്ഷികൾക്ക് മാത്രമായിരുന്നില്ല. ആനയും കടുവയും കാട്ടുപോത്തും അങ്ങനെ കാടിന്റെ കാവൽ പട്ടാളം മുഴുവനും ഉണ്ടായിരുന്നു എന്ന് മാത്രം

   

        അവയുടെ താൻ പകർത്തിയ ചിത്രങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ നൂറ് നാവായിരുന്നു. അതിൽ എന്ത് സംശയം ചോദിച്ചാലും കാച്ചി കുറുക്കിയ മറുപടികൾ വെടിയുണ്ടകൾ പോലെ അദ്ദേഹം ചോദ്യകർത്താവിന് നേരെ ഉതിർത്തു. അത് ഒരിക്കലും അദ്ദേഹത്തിന്റെ അഹംഭാവം ആയിരുന്നില്ല അദ്ദേഹത്തിന് കാടിനെ കുറിച്ചും കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള അറിവിന്റെ ആഴം കൊണ്ടായിരുന്നു. പിന്നീട് താൻ സ്വായത്തമാക്കിയ അഭ്യാസ കലകളെ കുറിച്ച് പറഞ്ഞപ്പോഴും അദ്ദേഹത്തിൽ അതേ അഗ്നി ഉണ്ടായിരുന്നു. നമുക്ക് വ്യക്തമായ ധാരണയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു അഭിനിവേശം. അദ്ദേഹത്തിന്റെ സംസാരശൈലി അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് എങ്കിലും, പറയുന്ന കാര്യങ്ങൾ കാമ്പ് ഉള്ളതായിരുന്നു. അതുകൊണ്ടുതന്നെ മടുപ്പിച്ചില്ല. പ്രിയപ്പെട്ട എൻ.എ നസീർ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി മാറ്റിവെച്ച് സമയം ചെറുതെങ്കിലും അതിലൂടെ നിങ്ങൾ നേടിയത് നിങ്ങളെയും കാടിനെയും ഒരുപോലെ മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെയാണ്. ഞങ്ങൾക്ക് സമ്മാനിച്ചത് പുതിയ അറിവുകളും ഉണർവും ആണ്. പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയിലേക്ക് കടന്നു ചെല്ലാനും സാധിക്കുന്ന, ഹരിത ഭംഗി തളംകെട്ടി കിടക്കുന്ന ഉണർവ്.




എഴുത്ത്: ലിവ ആൻ ബിനോയി

എൽ.സി.സി പ്ലസ് ടു വിദ്യാർത്ഥി

No comments