Breaking News

ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നു ; അന്വേഷണം ശക്തമാക്കി പൊലീസ്




കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി. ചെമ്മനാട് ചാമക്കടവിലെ സെല്‍വിയുടെ നാലു ഗ്രാമിന്റെ മാലയാണ് പൊട്ടിച്ചത്. കപ്പണയടുക്കം- കൊമ്പനടുക്കം റോഡരികിലൂടെ നടന്ന് പോകുമ്പോഴാണ് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടതെന്ന് സെല്‍വി പറഞ്ഞു. റോസ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് കറുത്ത ബൈക്കിലെത്തിയ വ്യക്തിയാണ് മാല തട്ടിപ്പറിച്ചതെന്ന് മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശെല്‍വി പറഞ്ഞു.


ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട സംഭവവും ജില്ലയിലുണ്ടായി. ഫോണില്‍ സംസാരിച്ച് നടന്ന് പോകുന്നതിനിടെയാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് ബൈക്കിലെത്തിയ സംഘം മൊബെെൽ തട്ടിപ്പറിച്ചത്. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബൈക്കിലെത്തി തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നതായി സമീപകാലത്തെ കേസുകള്‍ വ്യക്തമാക്കുന്നു. നേരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടുള്ള അന്വേഷണം പൊലീസ് നടത്തിയിരുന്നെങ്കിലും മിക്ക കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളിലാണ് സംഘങ്ങള്‍ എത്തുന്നതെന്നതാണ് കാരണം. ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറക്കുക കൂടി ചെയ്യുന്നതോടെ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.


No comments